IPL 10: ധോണി ക്രീസിലുണ്ടെങ്കില്‍ അതല്ല അതിനപ്പുറവും നടക്കും; പക്ഷേ, ആ ഓവറുകളില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു - തുറന്നു പറഞ്ഞ് പാര്‍ത്ഥിവ് പട്ടേല്‍

വ്യാഴം, 18 മെയ് 2017 (11:02 IST)
ഐപിഎല്ലിലെ മിന്നുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍, പൂനെ സൂപ്പര്‍ ജയന്റിനോട് തോല്‍ക്കാനായിരുന്നു രോഹിത് ശര്‍മ്മയുടെയും കൂട്ടരുടെയും വിധി. വിമര്‍ശകരുടെ വായടപ്പിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിംഗ് വെടിക്കെട്ട്  തങ്ങള്‍ക്ക്  തിരിച്ചടിയായില്ലെന്നാണ് മുംബൈ താരം പാര്‍ത്ഥിവ് പട്ടേല്‍ പറയുന്നത്.

18 ഓവര്‍ കഴിയുമ്പോള്‍ 121 റണ്‍സായിരുന്നു പൂനെയ്‌ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ അവസാന രണ്ട് ഓവറില്‍ 41 റണ്‍സ് അടിച്ചെടുത്ത ധോണിയും (അഞ്ച് സിക്‌സറടക്കം 26 പന്തില്‍ 40 റണ്‍സ്) തിവാരിയും കളി വരുതിയിലാക്കി. ധോണി ക്രീസില്‍ ഉണ്ടെങ്കില്‍ ഇത് സാധാരണമാണ്. അതിനാല്‍ മുംബൈ പരാജയത്തിന് കാരണം ഇതല്ല. മോശം ബാറ്റിംഗാണ് തോല്‍‌വിക്ക് കാരണമായതെന്നും പാര്‍ത്ഥിവ് പട്ടേല്‍ വ്യക്തമാക്കി.

പ്രധാന വിക്കറ്റുകളെല്ലാം ആദ്യ ഓവറില്‍ തന്നെ നഷ്‌ടമായതാണ് തോല്‍‌വിക്ക് ആക്കം കൂട്ടിയത്. ഇതോടെ മുംബൈയ്‌ക്കായി  പൊരുതാന്‍ ആരുമില്ലാത്ത അവസ്ഥയുണ്ടായി. വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ രണ്ടോവറും തിവാരിയും ധോണിയും തകര്‍ത്തടിച്ച രണ്ട് ഓവറും കളി കൈവിടുന്നതിന് കാരണമായെന്നും പാര്‍ത്ഥിവ് കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക