കള്ളന്‍ പണിയൊപ്പിച്ചതാണോ ?; എട്ടിന്റെ പണി ഏറ്റുവാങ്ങി ഫിഞ്ച് - രഹസ്യം പരസ്യമാക്കിയത് റെയ്‌ന

തിങ്കള്‍, 17 ഏപ്രില്‍ 2017 (14:58 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പത്താം സീസണ് ആവേശത്തില്‍ നിറയുകയാണ്. കളത്തിന് പുറത്തും അകത്തുമായി നടക്കുന്ന രസകരമായ കാര്യങ്ങളാണ് കളിയേക്കാള്‍ രസിപ്പിക്കുന്നത്.

ഞായറാഴ്‌ച ഗുജറാത്ത് ലയണ്‍സും മുംബൈ ഇന്ത്യന്‍‌സും തമ്മില്‍ നടന്ന മത്സരത്തിന് മുമ്പാണ് സംഭവമുണ്ടായത്. ലയണ്‍സിന്റെ പ്രധാനതാരമായ ആരോണ്‍ ഫിഞ്ച് കളിക്കാതിരുന്നതിന്റെ കാരണം ക്യാപ്‌റ്റന്‍ സുരേഷ് റെയ്‌ന വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തായത്.

ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കിറ്റ് ബാഗ് നഷ്‌ടമായതിനാല്‍ ഫിഞ്ച് കളിക്കുന്നില്ലെന്ന് റെയ്‌ന വ്യക്തമാക്കിയതോടെയാണ് ആരാധകരില്‍ അതിശയവും നിരാശയും ഉണ്ടാക്കിയത്.

രാജ്‌കോട്ടില്‍ വെച്ച് നടന്ന മത്സരത്തിനിടെയായിരുന്നു ഫിഞ്ചിന്റെ കിറ്റ് ബാഗ് (ക്രിക്കറ്റ് കിറ്റ്) നഷ്‌ടമായത്. ബാഗ് ആരെങ്കിലും മോഷ്‌ടിച്ചതാണോ അതോ നഷ്‌ടമായതാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

ഐ പി എല്ലില്‍ താരങ്ങള്‍ കളിക്കണമെങ്കില്‍ കിറ്റ് ബാഗ് അനിവാര്യമാണ്. കളിക്കാരുടെ ബാറ്റും ജഴ്‌സിയിലുമെല്ലാം ഒരോ കമ്പനികള്‍ സപോണ്‍സര്‍ ചെയ്തതായിരിക്കുന്നതാണ് ഇതിന് കാരണം. കൂടാതെ വ്യത്യസ്ത ലോഗോകള്‍ ഒരോ കളിക്കാരനും വഹിക്കാറുണ്ട്. ഇതുമൂലം ആ കിറ്റ് ബാഗ് ഇല്ലങ്കില്‍ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കില്ല.

വെബ്ദുനിയ വായിക്കുക