അഭയാര്‍ത്ഥികളുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് മുങ്ങി നിരവധി പേര്‍ മരിച്ചു. മെഡിറ്ററേനിയന്‍ കടലിലാണ് ബോട്ട് അപകടം നടന്നത്. ലിബിയയില്‍ നിന്നും ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇറ്റാലിയന്‍ നേവിയാണ് പുറത്തുവിട്ടു.
അമിതഭാരം കാരണം ബോട്ട് ഒരു വശത്തേക്ക് ചെരിഞ്ഞതാണ് അപകടം ഉണ്ടാവാന്‍ കാരണമായത്. 600ല്‍ പരം ആളുകളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നേവി സേന രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും എത്ര പേര്‍ മരിച്ചു എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് അപകടങ്ങള്‍ സ്ഥിരം വാര്‍ത്തയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ നേവി പുറത്തു വിട്ടത്. 300 അഭയാര്‍ത്ഥികളുമായി വരികയായിരുന്ന മറ്റൊരു ബോട്ട് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ മരിച്ചിരുന്നു.