കൂട്ടിലേക്ക് വീണ കുട്ടിയെ ഉപദ്രവിക്കാനല്ല സംരക്ഷിക്കാനാണ് ഗൊറില്ല ശ്രമിച്ചതെന്ന് മൃഗസ്നേഹികള്‍; അധികൃതര്‍ക്കെതിരെയും കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും പരാതി
നാലു വയസുകാരനെ രക്ഷിക്കാനായി ഗൊറില്ലയെ കൊന്ന സംഭവത്തില്‍ പുതിയ വിവാദം. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ ഒഹായോയിലുള്ള സിന്‍സിനാറ്റി മൃഗശാലയില്‍ ഗൊറില്ലയെ കൊന്ന് കുട്ടിയെ രക്ഷിച്ചത്. അബദ്ധത്തില്‍ കൂട്ടിനകത്തേക്ക് കുട്ടി വീഴുകയായിരുന്നു. പിന്നീട് കുട്ടിയെ രക്ഷിക്കാനായി മൃഗശാലാ അധികൃതര്‍ ഗൊറില്ലയെ കൊല്ലുകയായിരുന്നു.
എന്നാല്‍ ഗൊറില്ല കുട്ടിയെ ഉപദ്രവിക്കാനല്ല മറിച്ച് സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് വാദിച്ച് മൃഗസ്‌നേഹികള്‍ രംഗത്ത് വന്നു. രണ്ടായിരം പേര്‍ ഒപ്പിട്ട പരാതിയും ഇവര്‍ പൊലീസിന് നല്‍കി. മൃഗശാലാ അധികൃതര്‍ക്കെതിരേയും കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരേയുമാണ് പരാതി നല്‍കിയത്.
17 വയസുള്ള ഹറാംബെ എന്ന ഗൊറില്ലയുടെ കൂട്ടിലേക്കായിരുന്നു കുട്ടി വീണത്. കൂട്ടിനകത്ത് കുട്ടിയെ കണ്ട ഗൊറില്ല, കുട്ടിയേയും എടുത്ത് മൃഗശാലയുടെ ഒരു മൂലയില്‍ ഇരിപ്പുറപ്പിച്ചു. ഇതിനിടയില്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഇതേത്തുടര്‍ന്ന് ഗൊറില്ലയെ വെടിവെച്ചു കൊല്ലാന്‍ മൃഗശാലാ അധികൃതര്‍ തീരുമാനിച്ചത്.