നിറയെ യാത്രക്കാരുമായി യാങ്സെ നദിയില്‍ തലകീഴായി മറിഞ്ഞ വിനോദസഞ്ചാര കപ്പലിനുള്ളില്‍നിന്ന് ആരെയെങ്കിലും ജീവനോടെ രക്ഷപ്പെടുത്താനാകുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. ദുരന്തം രണ്ടു ദിവസം പിന്നിട്ടതോടെ ഇനിയും കപ്പലില്‍നിന്ന് പുറത്തെടുക്കാനാകാത്ത 400ലേറെ പേര്‍ മരണത്തിനു കീഴടങ്ങിയതായി കണക്കാക്കാനുള്ള ഒരുക്കങ്ങളിലാണ് അധികൃതര്‍. ദുരന്തസ്ഥലത്തുനിന്ന് ഇതുവരെ കിട്ടിയത് 18 മൃതദേഹങ്ങൾ മാത്രമാണ്.
ഷാങ്ഹായ് നഗരത്തിനടുത്ത നാന്‍ജിങ്ങില്‍നിന്ന് ചോങ്കിങ്ങിലേക്ക് 456 പേരുമായി 11 ദിവസത്തെ സവാരിക്ക് പുറപ്പെട്ട ഈസ്റ്റേണ്‍ സ്റ്റാര്‍ എന്ന നാലുനില കപ്പലാണ് തിങ്കളാഴ്ച കൊടുങ്കാറ്റില്‍പെട്ട് തലകീഴായി മറിഞ്ഞത്. ക്യാപ്റ്റനുള്‍പ്പെടെ 15 പേരെ മാത്രമാണ് ഇതുവരെ ജീവനോടെ കരക്കത്തെിച്ചത്. രണ്ടു ദിവസത്തിനിടെ 26 മൃതദേഹങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. 3000ത്തോളം മുങ്ങല്‍വിദഗ്ധരും 110 രക്ഷാബോട്ടുകളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കൊടുങ്കാറ്റില്‍പെട്ട് നിമിഷങ്ങള്‍ക്കകം കപ്പല്‍ മറിഞ്ഞെന്നാണ് ക്യാപ്റ്റന്‍െറ വിശദീകരണമെങ്കിലും മറ്റു കാരണങ്ങള്‍ ദുരന്തം വരുത്തിയോ എന്നും പരിശോധിച്ചുവരുകയാണ്. 6300 കിലോമീറ്റര്‍ നീളമുള്ള പുഴയുടെ 220 കിലോമീറ്റര്‍ പരിധിയിലാണ് രക്ഷപ്പെട്ടവര്‍ക്കും മൃതദേഹങ്ങള്‍ക്കുമായി തിരച്ചില്‍ നടക്കുന്നത്.