ലോകത്ത് ആദ്യമായി മൂന്ന് മാതാപിതാക്കൾ ഉള്ള കുഞ്ഞ് ജനിച്ചു. മെക്സിക്കോയിൽ ആണ് സംഭവം. മൂന്ന് വ്യക്തികളുടെ ജീൻ എഡിറ്റ് ചെയ്ത് ചേർത്ത് നടത്തിയ ഗർഭധാരണത്തിലൂടെയാണ് കുഞ്ഞ് ഉണ്ടായത്. കുട്ടിയുടെ മരണത്തിന് കാരണമാകുന്ന ജീൻ അമ്മയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. ഇത് ഒഴിവാക്കികൊണ്ടാണ് കുഞ്ഞിനെ ജനിപ്പിച്ചിരിക്കുന്നത്. അപകടകരമായ ജനറ്റിക് കണ്ടീഷൻ പാരമ്പര്യമായി ലഭിച്ചതാണ് അമ്മക്ക്. ഇതുമൂലം ആദ്യത്തെ രണ്ട് കുട്ടികളെ ഈ ജോർദാനിയൻ ദമ്പതികൾക്ക് നഷ്ടമായിരുന്നു.
ന്യൂയോർക്കിലെ ന്യൂ ഹോപ് ഫെർട്ടിലിറ്റി സെന്ററിൽ നിന്നുള്ള വിദഗ്ദ സംഘമാണ് കുഞ്ഞിന് ജന്മം നൽകാൻ സഹായിച്ചിരിക്കുന്നത്. ഇവരുടെ കഴിവിന്റെ ഫലമായി അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് ഈ സംഭവത്തെ മെഡിക്കൽ ടീമിന്റെ തലവന്മാർ പറയുന്നു. മൂന്നാമതൊരാളുടെ ജീൻ സ്വീകരിക്കുന്നതിലൂടെ മാതാപിതാക്കളിൽ നിന്നും പരമ്പരാഗതമായി ലഭിക്കുന്ന രോഗങ്ങളെ ഒഴിവാക്കി ആരോഗ്യത്തോടെ കുഞ്ഞിന് ജനിക്കാനാകും.
അപകടകരമായ ജനറ്റിക് കണ്ടീഷൻ ജോർദാനിയൻ യുവതിയുടെ മൈറ്റോ കോൺഡ്രിയയിൽ അടങ്ങിയിരുന്നു. ഇതിനാലാണ് ആദ്യത്തെ കുട്ടികൾ മരിച്ചത്. തുടർന്ന് അതിനെ ഒഴിവാക്കി പകരം മൂന്നാമത്തെ വ്യക്തിയുടെ ജീൻ കൂട്ടിച്ചേർത്ത് കുട്ടിക്ക് നൽകുകയായിരുന്നു ചെയ്തത്.