മകൾ ജോലിയ്ക്ക് പോകണ്ട, മകളായി തന്നെ വീട്ടിൽ നിൽക്കട്ടെ, മാസശമ്പളമായി 47,000 രൂപ നൽകി മാതാപിതാക്കൾ
പ്രായമായ മാതാപിതാക്കള്‍ക്കും വളര്‍ന്നുവരുന്ന മക്കള്‍ക്കുമായി തൊഴിലെടുക്കുന്ന സ്ത്രീകള്‍ ഇന്ന് സാധാരണമാണ്. ചിലരെല്ലാം ഈ ഉത്തരവാദിത്വങ്ങള്‍ വഹിച്ച് സമ്മര്‍ദ്ദമേറിയ തൊഴില്‍ ചെയ്യേണ്ടിവരാന്‍ നിര്‍ബന്ധിതരാകാറുണ്ട്.ഇപ്പോഴിതാ കഠിനമായ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച മകള്‍ക്കായി പുതിയ ജോലി ഓഫര്‍ ചെയ്തിരിക്കുകയാണ് ചൈനക്കാരിയായ നിയാനന്റെ മാതാപിതാക്കള്‍. സ്വന്തം വീട്ടില്‍ മകളായി ജീവിക്കാനാണ് മാതാപിതാക്കള്‍ 40കാരിയായ യുവതിക്ക് മാസശമ്പളം ഓഫര്‍ ചെയ്തത്.
സമ്മര്‍ദ്ദം നിറഞ്ഞ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും തങ്ങള്‍ക്കൊപ്പം നില്‍ക്കാനായി മാസം തോറും 4000 യുവാന്‍ അഥവാ 47,000 രൂപയാണ് മാതാപിതാക്കള്‍ നിയാനനിന് ഓഫര്‍ ചെയ്തത്. ഇതോടെ മറുത്തൊന്നും ചിന്തിക്കാതെ തന്നെ ആ ഓഫര്‍ സ്വീകരിക്കാന്‍ നിയാനന്‍ തീരുമാനിക്കുകയായിരുന്നു. മാസം ഒന്നേക്കാല്‍ ലക്ഷത്തില്‍ പരം രൂപയാണ് യുവതിയുടെ മാതാപിതാക്കള്‍ പെന്‍ഷനായി വാങ്ങുന്നത്. ഇതില്‍ നിന്നും ഒരു ഭാഗമാണ് ഇവര്‍ മകള്‍ക്കായി നീക്കുവെയ്ക്കുന്നത്.