കുർബാന ഏകീകരണം: ഏതെങ്കിലും രൂപതയ്ക്ക് മാത്രമായി ഇളവില്ലെന്ന് വത്തിക്കാൻ

Webdunia
വെള്ളി, 10 ഡിസം‌ബര്‍ 2021 (20:22 IST)
സീറോ മലബാര്‍ സിനഡ് തീരുമാനപ്രകാരം നവീകരിച്ച കുര്‍ബാന ക്രമത്തിന് ഏതെങ്കിലും ഒരു രൂപതയ്ക്ക് മാത്രം ഇളവില്ലെന്ന് വത്തിക്കാന്‍. എല്ലാ രൂപതകളും സിനഡിന്റെ തീരുമാനം നടപ്പിലാക്കണം.
 
കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ നിന്ന് ഇടവകകളെ പിന്തിരിപ്പിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെന്ന് സഭാ നേതൃത്വം അറിയിച്ചു.പൗരസ്ത്യ തിരുസംഘം ഇത് സംബന്ധിച്ച്‌ കര്‍ദ്ദിനാളിനും ബിഷപ്പ് ആന്റണി കരിയിലിനും കത്തയച്ചു. കാനന്‍ നിയമത്തിലെ 1538 വകുപ്പ് ബിഷപ്പ് കരിയില്‍ ദുര്‍വ്യാഖ്യാനം ചെയ്‌തുവെന്ന് വത്തിക്കാൻ വിമർശിച്ചു.
 
സിറോ മലബാര്‍ സഭയിലെ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം നവംബര്‍ 28 മുതല്‍ നിലവില്‍ വന്നെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയിലും ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകളിലും പുതിയ രീതിയിലുള്ള കുർബാന ‌ക്രമം നടപ്പിലാക്കിയിരുന്നില്ല.സഭയില്‍ നിലവിലുണ്ടായിരുന്ന മൂന്ന് വ്യത്യസ്ത കുര്‍ബാനയര്‍പ്പണ രീതികള്‍ സംയോജിപ്പിച്ചാണ് ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി തയാറാക്കിയിരിക്കുന്നത്. 
 
വര്‍ഷങ്ങള്‍ നീണ്ട എതിര്‍പ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ഇക്കാര്യത്തിൽ ധാരണയായത്.1999ല്‍ പുതുക്കിയ കുര്‍ബാന രീതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പല രൂപതകളിലും അംഗീകരിച്ചിരുന്നില്ല. പുതിയ കുര്‍ബാനയില്‍ വിശ്വാസപ്രമാണം മുതല്‍ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അള്‍ത്താരാഭിമുഖമായിട്ടും ബാക്കി ഭാഗം ജനാഭിമുഖമായിട്ടുമായിരിക്കും നടത്തുക.

അനുബന്ധ വാര്‍ത്തകള്‍

Next Article