'സീന്‍ കോണ്ട്രാ'; യുക്രെയ്‌നുള്ള എല്ലാ സൈനിക സഹായവും യുഎസ് നിര്‍ത്തി; 'ഇനിയൊന്ന് കാണട്ടെ'യെന്ന നിലപാടില്‍ ട്രംപ്

രേണുക വേണു

ചൊവ്വ, 4 മാര്‍ച്ച് 2025 (08:21 IST)
Donald Trump and Zelenskey

യുഎസ്-യുക്രെയ്ന്‍ ബന്ധം കൂടുതല്‍ വഷളാകുന്നു. യുക്രെയ്‌നുള്ള എല്ലാ സൈനിക സഹായവും നിര്‍ത്തിയതായി യുഎസ് പ്രഖ്യാപിച്ചു. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് നടപടി. 
 
റഷ്യയുമായുള്ള യുദ്ധത്തിനു അറുതി വരുത്താന്‍ യുക്രെയ്‌നുള്ള സൈനിക സഹായം നിര്‍ത്തിയതു കൊണ്ട് സാധിക്കുമെന്നാണ് വൈറ്റ് ഹൗസ് വിലയിരുത്തല്‍. യുഎസ് സൈനിക സഹായം നിര്‍ത്തിയതുമായി ബന്ധപ്പെട്ട് സെലെന്‍സ്‌കി ഇതുവരെ പ്രതികരിച്ചിട്ടില്ല. 
 
' സമാധാനമാണ് തന്റെ ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ ലക്ഷ്യത്തിനു വേണ്ടി യുഎസിന്റെ പങ്കാളികളും ഒപ്പം നില്‍ക്കണമെന്നാണ് ആഗ്രഹം. ശാശ്വതമായ ഒരു പരിഹാരത്തിനു കാരണമാകുമെങ്കില്‍ യുക്രെയ്‌നു നല്‍കിവരുന്ന എല്ലാ സഹായങ്ങളും ഞങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു,' വൈറ്റ് ഹൗസ് അറിയിച്ചു. 
 
കഴിഞ്ഞ ദിവസം ഓവല്‍ ഓഫീസില്‍ വെച്ചാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കിയുമായി ചര്‍ച്ച നടത്തിയത്. യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രംപ് സെലെന്‍സ്‌കിയോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരുടെയും ചര്‍ച്ച വാദപ്രതിവാദങ്ങളിലും പരസ്പര അധിക്ഷേപങ്ങളിലുമാണ് അവസാനിച്ചത്. സെലെന്‍സ്‌കിയുടെ സമീപനത്തില്‍ ട്രംപ് പ്രകോപിതനാകുകയും ചെയ്തു. അതിനു പിന്നാലെയാണ് യുക്രെയ്‌നുള്ള സൈനിക സഹായം നിര്‍ത്താന്‍ ട്രംപ് ഉത്തരവിട്ടത്. യുഎസിന്റെ സഹായം ഇല്ലാതെ യുക്രെയ്ന്‍ യുദ്ധം തുടരുന്നത് കാണട്ടെയെന്ന നിലപാടിലാണ് ഇപ്പോള്‍ ട്രംപ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍