ഇസ്രായേലിന് ആയുധങ്ങളുമായി വരുന്ന കപ്പലുകള്‍ തടയുമെന്ന് ദക്ഷിണാഫ്രിക്കയും മലേഷ്യയും

സിആര്‍ രവിചന്ദ്രന്‍

ശനി, 1 മാര്‍ച്ച് 2025 (16:51 IST)
ഇസ്രായേലിന് ആയുധങ്ങളുമായി വരുന്ന കപ്പലുകള്‍ തടയുമെന്ന് ദക്ഷിണാഫ്രിക്കയും മലേഷ്യയും അറിയിച്ചു. ഈ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. മാനുഷിക നിയമങ്ങളുടെ കൂടുതല്‍ ലംഘനങ്ങള്‍ സാധ്യമാകുന്ന എല്ലാ ആയുധ കൈമാറ്റങ്ങളും തങ്ങള്‍ തടയുമെന്ന് നേതാക്കള്‍ സംയുക്തമായി പ്രസിദ്ധീകരിച്ച ഫോറിന്‍ പോളിസി മാഗസീനിലെ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
 
ഇസ്രായേലിന്റെ യുദ്ധം അന്താരാഷ്ട്ര വ്യവസ്ഥയുടെ പരാജയത്തെയാണ് തുറന്ന് കാട്ടിയിരിക്കുന്നതെന്നും ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ ആവശ്യപ്പെട്ടു. ലോകത്തിലെ വിവിധ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഇസ്രായേല്‍ നിയമലംഘനങ്ങള്‍ നടത്തുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
 
2023 ഡിസംബറില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന് ദക്ഷിണാഫ്രിക്ക ആരോപിച്ചിരുന്നു. ഗാസയിലെ ഇസ്രായേലിന്റെ വംശഹത്യ തടയാന്‍ കോടതി ഇടപെടണമെന്നും ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. കൂടാതെ ഗാസ ഏറ്റെടുക്കാനുള്ള ട്രംപിന്റെ പദ്ധതിയെയും ലേഖനം വിമര്‍ശിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍