ഇതറിയാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ടല്ലോ, ഇന്ത്യ കളിക്കുന്നത് ഒരേ വേദിയില്‍ മാത്രം അതിന്റെ ആനുകൂല്യം തീര്‍ച്ചയായും ഉണ്ട്: ദക്ഷിണാഫ്രിക്കന്‍ താരം

അഭിറാം മനോഹർ

വെള്ളി, 28 ഫെബ്രുവരി 2025 (16:36 IST)
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഒരേ വേദിയില്‍ മാത്രം കളിക്കുന്നതിന്റെ ആനുകൂല്യം ഇന്ത്യയ്ക്കുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരമായ റാസി വാന്‍ ഡര്‍ ദസന്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ മറ്റെല്ലാ ടീമുകളുടെ മത്സരങ്ങളും പാകിസ്ഥാനിലെ വിവിധ വേദികളിലായാണ് നടക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം തന്നെ ഒരേ വേദിയിലാണ് ഈ സാഹചര്യത്തിലാണ് റാസി വാന്‍ ഡര്‍ ദസന്റെ പ്രതികരണം.
 
തീര്‍ച്ചയായും അതൊരു ആനുകൂല്യം തന്നെയാണ്. പാകിസ്ഥാന്‍ അതിനെതിരെ പ്രതികരിച്ചത് ഞാന്‍ കണ്ടു. ഒരേ ഹോട്ടലില്‍ താമസിച്ച് ഒരേ വേദിയില്‍ മാത്രം കളിക്കാമെന്നത് തീര്‍ച്ചയായും നേട്ടമാണ്. അത് മനസിലാക്കാന്‍ നിങ്ങള്‍ റോക്കറ്റ് സയന്റിസ്റ്റ് ആകേണ്ട കാര്യമില്ല. റാസി വാന്‍ ഡര്‍ ദസന്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് പറഞ്ഞു. ഇന്ത്യക്കെതിരെ ആര് സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കളിച്ചാലും ഇന്ത്യ ആ ആനുകൂല്യം മുതലെടുക്കും.
 
 ലാഹോറില്‍ സെമിഫൈനല്‍ കളിക്കാനാണ് ഞാന്‍ വ്യക്തിപരമായി ഇഷ്ടപ്പെടുന്നത്. അവിടെ ബാറ്റിംഗിന് അനുകൂലമാണ്. ദുബായില്‍ കളിക്കണമെങ്കില്‍ വിമാനം കയറി മറ്റൊരു രാജ്യത്തേക്ക് പോകണം. അതിനാല്‍ പാകിസ്ഥാനില്‍ കളിക്കാനാണ് താത്പര്യം താരം പറഞ്ഞു. നേരത്തെ ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സും സമാനമായ പ്രതികരണം നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍