യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ ക്വായ്ദ നേതാവ് കൊല്ലപ്പെട്ടു

Webdunia
വെള്ളി, 8 മെയ് 2015 (11:43 IST)
യെമനില്‍ യുഎസ് ഡ്രോണ്‍ വിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ അറേബ്യൻ ഉപദ്വീപിലെ അല്‍ ക്വായ്ദ (എക്യൂഎപി) നേതാവ് നാസര്‍ ബിന്‍ അലി അല്‍ അന്‍സി കൊല്ലപ്പെട്ടു. വിഡിയോ സന്ദേശത്തിലൂടെയാണ് എക്യൂഎപി വക്താവ് ഇക്കാര്യം അറിയിച്ചത്. 
 
നാസര്‍ ബിന്‍ അലി അല്‍ അന്‍സിയുടെ മരണം യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വ്യോമാക്രമണത്തിലാണോ കൊല്ലപ്പെട്ടതെന്ന കാര്യം ഉറപ്പായിട്ടില്ല. യെമനിലെ മറ്റ്‌ പോരാളികള്‍ക്കൊപ്പം നടത്തിയ പോരാട്ടത്തിനിടയില്‍ ഇയാളുടെ മൂത്ത മകനും ജീവന്‍ നഷ്‌ടമായി. 
 
പാരീസിലെ ഷാര്‍ലി ഹെബ്ദോ മാസിക ഓഫീസ് ആക്രമിച്ചതിന്റെ ഉത്തരവാദിത്വം അല്‍ ക്വായ്ദയുടെ യെമന്‍ ശാഖ ഏറ്റെടുത്തിരുന്നു. അല്‍ ഖൊയ്ദയുടെ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ മുതിര്‍ന്ന നേതാവാണ്‌ അന്‍സി. ഇക്കാര്യം സ്‌ഥിരീകരിച്ചുകൊണ്ട്‌ ജനുവരി 14 ന്‌ പുറത്തു വന്ന വീഡിയോയില്‍ അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്‌ എന്നിവിടങ്ങളില്‍ കനത്ത ആക്രമണം നടത്തുമെന്നും പറഞ്ഞിരുന്നു. 
 
പ്രവാചകനെ കാര്‍ട്ടൂണ്‍ വിഷയമാക്കി മാറ്റിയ ഷാര്‍ലി ഹെബ്‌ദോ ആക്രമണത്തിന്റെ തുടര്‍ച്ചയായി മൂന്ന്‌ ദിവസങ്ങളിലായി നടന്ന കലാപത്തില്‍ മാധ്യമപ്രവര്‍ത്തകരും പോലീസും ഉള്‍പ്പെടെ 17 പേരായിരുന്നു കൊല്ലപ്പെട്ടത്‌. അള്‍ജീരിയന്‍ വംശജരായ സഹോദരങ്ങളാണ്‌ ആക്രമണകാരികള്‍. ഒരു ജൂതഷോപ്പില്‍ നാലുപേരെ ബന്ദികളാക്കിയ തോക്കുധാരി വധിക്കപ്പെട്ട ജനുവരി 9 ന്‌ നടന്ന സംഭവത്തോടെയാണ്‌ അവസാനിച്ചത്‌.