സര്‍ക്കാര്‍ സൈന്യം വാക്കുമാറി; സിറിയന്‍ സമാധാന ചര്‍ച്ച വഴിമുട്ടി

Webdunia
വ്യാഴം, 4 ഫെബ്രുവരി 2016 (08:49 IST)
സിറിയന്‍ സമാധാന ചര്‍ച്ച യുഎന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യുഎന്‍ മധ്യസ്ഥന്‍ സ്‌റ്റെഫാന്‍ ഡി മിസ്‌തുറ അറിയിച്ചു. യുഎന്‍ കാര്‍മികത്വത്തില്‍ ജനീവയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നതെങ്കിലും റഷ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ സൈന്യം ആക്രമണം തുടര്‍ന്നതോടെയാണ് സമാധാന ചര്‍ച്ച നിര്‍ത്തിവെക്കേണ്ടതായി വരുകയായിരുന്നു.  

വ്യോമാക്രമണം അവസാനിപ്പിക്കുന്നതിനൊപ്പം സിറിയ്‌ക്കുള്ള ഉപരോധം പിന്‍വലിക്കണമെന്നും രാജ്യത്തെ മനുഷ്യാവകാശലംഘനം അവസാനിപ്പിക്കണം എന്നുമായിരുന്നു വിമതരുടെ പ്രധാന ആവശ്യം. ഈ ആവശ്യങ്ങള്‍ പരിഗണിച്ചാല്‍ മാത്രമെ തങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളുവെന്നും വ്യക്തമാക്കിയിരുന്നു.  

എന്നാല്‍, റഷ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ സൈന്യം വിമതകേന്ദ്രമായ ആലെപ്പോയില്‍ നൂറിലേറെ തവണ വ്യോമാക്രമണം നടത്തിയതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. മൂന്നു ദിവസങ്ങളിലായിട്ട് വിമത കേന്ദ്രങ്ങള്‍ ശക്തമായ വ്യോമാക്രമണമാണ് നടക്കുന്നത്. ഈ മാസം 25 വരെ ചര്‍ച്ച നിര്‍ത്തിവെച്ചിരിക്കുന്നത്.