ബോക്കോഹറാമിനുമേല്‍ യുഎന്‍ ഉപരോധം

Webdunia
വെള്ളി, 23 മെയ് 2014 (12:17 IST)
നൈജീരിയന്‍ തീവ്രവാദ സംഘടനയായ ബോക്കോഹറാമിനുമേല്‍ യുഎന്‍ രക്ഷാസമിതി ഉപരോധം. സ്കൂളില്‍നിന്ന് ഇരുനൂറിലേറെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അഞ്ച് ആഴ്ചകള്‍ പിന്നിട്ട സാഹചര്യത്തിലാണ് യുഎന്നിന്‍റെ ഈ നടപടി. ഇതോടെ സംഘത്തിന്‍റെ ആയുധങ്ങളും സ്വത്തുക്കളും മരവിപ്പിക്കും.
 
ബോക്കോഹറാമിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് നൈജീരിയ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടിരുന്നു. നിരോധിക്കപ്പെട്ട അല്‍ക്വയ്ദ ബന്ധമുള്ള തീവ്രവാദ സംഘത്തിലേക്ക് ഇതോടെ ബോക്കോ ഹറാം ഗ്രൂപും ചേക്കേറുമെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
ബോക്കോഹറാമിന്‍റെ കൊലയാളി നേതൃത്വത്തിന്‍റെ എണ്ണമറ്റ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്നതില്‍ സുപ്രധാന ചുവടുവെപ്പാണിതെന്ന് യുഎസ് ഉദ്യോഗസഥന്‍ സമാന്ത പവര്‍ പറഞ്ഞു. നൈജീരിയയിലെ വടക്കു പടിഞ്ഞാറന്‍ ഗ്രാമത്തില്‍ 27 പേരുടെ മരണത്തിനിടയാക്കിയ ആക്രണം ബോക്കോഹറാം നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു.