ഉക്രൈനിലേക്ക് റഷ്യന്‍ സൈനികര്‍ കടന്നു എന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെ കിഴക്കന്‍ ഉക്രെയ്നില്‍ വിമത ആക്രമണം. ഉക്രെയ്നിലെ സംഘര്‍ഷത്തിന് അയവുവരുത്തുന്നതിനായി ഫ്രാന്‍സ്. ജര്‍മ്മനി, റഷ്യ, ഉക്രെയ്ന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ കൂടിയാലോചനയ്ക്കായി ഒത്തുചേരാനിരിക്കെയാണ് വിമത ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ പട്ടാളക്കാരുള്‍പ്പടെ 20 പേരാണ് കൊല്ലപ്പെട്ടത്. ഡോണസ്കിലെ ബസ് സ്റ്റേഷനില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ഇവിടെ കനത്ത ഷെല്ലാക്രമണമാണ് ഉണ്ടായത്. ഇത് സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
ബെലറൂസ്യന്‍ തലസ്ഥാനമായ മിന്‍സ്കിലാണ് ബുധനാഴ്ച ചര്‍ച്ച നടക്കുന്നത്. വെടിനിറുത്തല്‍, നശീകരണ ശേഷി കൂടിയ യുദ്ധോപകരണങ്ങള്‍ ഒഴിവാക്കല്‍, സൈന്യത്തെ പിന്‍വലിക്കല്‍ തുടങ്ങിയവയാണ് ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. ഉച്ചകോടിക്ക് മുമ്പായി അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളില്‍ ധാരണയിലെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.