മലയാളിക‌ൾ കൂടുതൽ ആയതുകൊണ്ട് കേരളം ആണെന്ന് വിചാരിച്ചു? യുഎഇയിൽ മഴ തുടരുന്നു!

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (12:26 IST)
ഞായറാഴ്ച രാവിലെ തുടങ്ങിയ മഴയ്ക്ക് ഇപ്പോഴും കുറവില്ല. ശക്തമായ മഴയായിരുന്നു ഇന്നലെയെങ്കിൽ ഇന്ന് അതിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. പറഞ്ഞ്‌വരുന്നത് കേരളത്തെകുറിച്ചല്ല. മഴ അങ്ങ് യു എ ഇ യിലാണ്. ഇരുണ്ട് മൂടിയ അന്തരീക്ഷമാണ് നഗരത്തിലെല്ലാം.
 
മഴയും കൂടിക്കെട്ടലും എല്ലാം ജനങ്ങൾ ആഘോഷിക്കുകയാ‌ണ്. സ്വന്തം നാട്ടിലെത്തിയ പ്രതീതിയിലാണ് മലയാളികൾ. കേരളം ശക്തമായ ചൂടിൽ വെന്തുരുകുമ്പോൾ മഴയിലും തണുപ്പിലും കുളിരേറ്റു ഉണർന്നു നിൽക്കുകയാണ് യു എ ഇ. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയയിടങ്ങളിലെല്ലാം തുടര്‍ച്ചയായി സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. 
 
റോഡുകളും ഇടവഴികളുമെല്ലാം മഴയില്‍ക്കുതിര്‍ന്ന നിലയിലായിരുന്നു. പലദിവസങ്ങളിലായി ചാറ്റല്‍ മഴയുണ്ടായിരുന്നെങ്കിലും കുടയില്ലാതെ പുറത്തിറങ്ങാന്‍ പറ്റാത്തരീതിയിലുള്ള മഴ ഇതാദ്യമായാണ് ലഭിക്കുന്നത്. രാജ്യത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന.
 
അതേസമയം, യുഎഇയിലെ ശക്തമായ മഴയെ ട്രോ‌ളർമാർ ഏറ്റെടുത്തിരിക്കുകയാണ്. മലയാളികൾ കൂടുതലായതു കൊണ്ട് ഇനി കേരളം എങ്ങാനും ആയതു കൊണ്ടാണോ ഇത്രയും മഴ പെയ്യുന്നതെന്നാണ് ട്രോളർമാരുടെ ചോദ്യം. കഴിഞ്ഞില്ല, അതിനെ പിന്തുണയ്ക്കുന്ന കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. കേരളത്തിൽ മലയാളികളേക്കാൾ കൂടുതൽ ബംഗാളികൾ ആയതുകൊണ്ട് ഇത് കേരളമല്ലെന്ന് മഴ കരുതിക്കാണുമെന്നും അതാകും കേരളത്തിൽ മഴ പെയ്യാത്തതെന്നും ആണ് ട്രോളർമാ‌രുടെ കണ്ടു‌പിടുത്തം.
Next Article