ട്രംപും പുടിനും തമ്മില്‍ ചര്‍ച്ച ഓഗസ്റ്റ് 15ന്; ലക്ഷ്യം യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കല്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 9 ഓഗസ്റ്റ് 2025 (12:41 IST)
ട്രംപും പുടിനും തമ്മില്‍ ചര്‍ച്ച ഓഗസ്റ്റ് 15ന് നടക്കും. യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയും ഉക്രൈനും തമ്മില്‍ കരാര്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. ഓഗസ്റ്റ് 15ന് ട്രംപുമായി കൂടിക്കാഴ്ച ഉണ്ടാകുമെന്ന് റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പുടിന്‍ സംസാരിച്ചു.
 
കൂടിക്കാഴ്ച പ്രത്യാശയോടെയാണ് കാണുന്നതെന്ന് അമേരിക്കന്‍ പ്രസിഡണ്ട് സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടു രാജ്യങ്ങളും കൈവശപ്പെടുത്തിയ സ്ഥലങ്ങള്‍ പരസ്പരം കൈമാറുമെന്ന സൂചന ട്രംപ് നല്‍കി. 2022 ഫെബ്രുവരിയിലാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ അധിനിവേശം ആരംഭിച്ചത്. 
 
അതേസമയം ഇന്ത്യ അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകള്‍ നിര്‍ത്തിവച്ചുവെന്ന റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. വാര്‍ത്ത വ്യാജമാണെന്നും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ത്യ റദ്ദാക്കി എന്ന വാര്‍ത്തകള്‍ കേന്ദ്രം തള്ളിയില്ല. പ്രതിരോധ കരാറുകളില്‍ തല്‍ക്കാലം ഒപ്പുവയ്ക്കുന്നില്ല എന്ന സൂചനയാണ് രാജനാഥ് സിങ്ങിന്റെ യാത്ര റദ്ദാക്കിയതിലൂടെ പുറത്തുവരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍