"ട്രംപുമായി കൂടിക്കാഴ്ച നടത്താൻ കിം യാചിച്ചു": ട്രംപിന്റെ അഭിഭാഷകൻ

Webdunia
വ്യാഴം, 7 ജൂണ്‍ 2018 (15:29 IST)
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനുവേണ്ടി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ യാചിച്ചുവെന്നു യുഎസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടുചെയ്‌തു. ഡോണൾഡ് ട്രംപിന്റെ അഭിഭാഷകനായ റൂഡി ഗില്യാനിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും ജേണൽ റിപ്പോർട്ടുചെയ്‌തു.
 
"ഞങ്ങളുമായി ആണവ യുദ്ധത്തിലേക്കു പോകുകയാണെന്ന് അവർ പറയുകയും അതിൽ യുഎസിനെ തോൽപ്പിക്കുമെന്ന് അവർ പറയുകയും ചെയ്‌തു. എന്നാല്‍ ഇത്തരം സാഹചര്യത്തിൽ ഉത്തര കൊറിയയുമായി കൂടിക്കാഴ്ചയ്ക്കു സാധിക്കില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ കൈകൂപ്പി കിം അതിനുവേണ്ടി യാചിക്കുകയായിരുന്നു. ഈ സാഹചര്യത്തിലേക്കു കിമ്മിനെ എത്തിക്കണമെന്നായിരുന്നു നിങ്ങളും ആഗ്രഹിച്ചത്"– നിക്ഷേപകരോടായി അദ്ദേഹം പറഞ്ഞു. 
 
ട്രംപ് – കിം കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി സിംഗപ്പൂർ വിദേശകാര്യമന്ത്രി വ്യാഴാഴ്ച ഉത്തര കൊറിയ സന്ദർശിക്കുന്നുണ്ട്. ജൂൺ 12ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ ആഡംബര ഹോട്ടലിലാണ് ഡോണള്‍ഡ് ട്രംപ്, കിം ജോങ് ഉൻ കൂടിക്കാഴ്ച നടക്കുക.ട്രംപിന്റെ പഴയ അഭിഭാഷകൻ മൈക്കൽ കോയെനു പകരമാണ് റൂഡി ഗില്യാനി ചുമതലയേറ്റെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article