പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും മലപ്പുറത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കാനുള്ള ആവശ്യം തത്വത്തില്‍ അംഗീകരിച്ചതായും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സെക്രട്ടേറിയേറ്റ് അനക്‌സില്‍ നടന്ന ചര്‍ച്ചയില്‍ 15 വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
മലപ്പുറം ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ട് അംഗ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി അക്കാദമിക്‌സ് ജോയിന്റ് ഡയറക്ടര്‍, മലപ്പുറം ആര്‍.ഡി.ഡി. എന്നിവരാണ് സമിതി അംഗങ്ങള്‍. ജൂലൈ 5 നകം സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃത പ്രവേശന നടപടികള്‍ സ്വീകരിക്കും.
മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 85 സ്‌കൂളുകളും എയ്ഡഡ് മേഖലയില്‍ 88 സ്‌കൂളുകളുമാണുള്ളത്. ഇപ്പോള്‍ ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷത്തില്‍ 66,024 കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.