തർക്കം മൂത്തതിനെ തുടര്‍ന്ന് മകളെക്കൊണ്ട് അലങ്കാരമത്സ്യങ്ങള്‍ നിർബന്ധിച്ച് തീറ്റിച്ച അമ്മ അറസ്റ്റില്‍. ജപ്പാനിലാണ് ഈ സംഭവം നടന്നത്. അമ്മയും മകളും തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡിറ്റര്‍ജന്‍റ് കലര്‍ത്തി 30 അലങ്കാര മത്സ്യങ്ങളെ കൊന്ന ശേഷം മകള്‍ക്ക് നല്‍കുകയും ബലം പ്രയോഗിച്ച് മത്സ്യങ്ങളെ ഒന്നൊന്നായി തീറ്റിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അമ്മയായ യുഗോഗോട്ടോയും കൂട്ടുകാരനുമാണ് അറസ്റ്റിലായത്.
യൂഗോ ഇതിനു മുമ്പൂം മകളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയൂം സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കാറുമുണ്ടായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ മാസം മൂന്ന് വയസ്സുകാരിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച കേസില്‍ മാതാവ് അറസ്റ്റിലായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങി. ജപ്പാനിൽ 2015 മാര്‍ച്ച് അവസാനത്തോടെ കുട്ടികള്‍ക്ക് നേരെ 89,000 അതിക്രമങ്ങളാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്‍റര്‍ റിപ്പോര്‍ട്ട് ചെയ്തത്.