തീവ്രവാദം ഇസ്ലാമിന്റെ ശത്രു

Webdunia
ബുധന്‍, 20 ഓഗസ്റ്റ് 2014 (13:33 IST)
ഇസ്ലാം മതവിശ്വാസികളുടെ ഒന്നാമത്തെ ശത്രു തീവ്രവാദമാണെന്ന് സൗദി അറേബ്യ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുള്‍ അസീസ് അല്‍ അല്‍ ഷെയ്ഖ്. തീവ്രവാദവും ഭീകര പ്രവര്‍ത്തനങ്ങളും ഇസ്ലാമുമായി ബന്ധമുള്ളതല്ല എന്നും അദ്ദേഹം പറഞ്ഞു.

ആഗോള ഭീകര സംഘടനയായ അല്‍ ഖൊയ്ദയാണ് ഇസ്ലാമിന്റെ പ്രഥമ ശത്രുവെന്ന് അഭിപ്രായപ്പെട്ട ഇദ്ദേഹം ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിച്ചുവെന്ന് അവകാശപ്പെടുന്ന സുന്നി ഭീകര സംഘടന ഐഎസ്ഐഎസിനേയും ഇസ്ലാമിന്റെ പ്രഥമ ശത്രുവായിത്തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.

സൗദി അറേബ്യയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ഈ വിദേശി തീവ്രവാദി സംഘടനകള്‍ ഇസ്ലാമിന്റെ ഭാഗമല്ല. മുസ്ലിങ്ങള്‍ ഇവരെ അംഗീകരിക്കുന്നുമില്ല. എന്നാല്‍ മുസ്ലിങ്ങളില്‍ നിന്നും തെറ്റിപ്പോയ ആദ്യത്തെ ഗ്രൂപ്പുകളില്‍ ഒന്നാണ് ഇവര്‍. മതത്തിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങളാണ് മറ്റേത് ആശയങ്ങളെക്കാളും അപകടകരമെന്നും അദ്ദേഹം പറഞ്ഞു.

സിറിയന്‍ തീവ്രവാദികളെയും അല്‍ ഖായ്ദയെയും പിന്തുണക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന സൗദിയുടെ നയത്തിന്റെ ഭാഗമായാണ് മുഫ്തിയുടെ ഈ പ്രസ്താവന. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന അറബ് രാജ്യമാണ് സൗദി. കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്രസഭയുടെ യു ന്‍ കൗണ്ടര്‍ ടെററിസം സെന്ററിലേക്ക് 100 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ സംഭാവന ചെയ്തിരുന്നു.