സ്വിസ് ബാങ്കിലെ കള്ളപ്പണക്കാരുടെ പട്ടിക പുറത്തായി, പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വനിതകള്‍

Webdunia
ചൊവ്വ, 26 മെയ് 2015 (11:56 IST)
സ്വിസ് ബാങ്കിൽ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുകൾ സ്വിറ്റ്സർലന്‍റ് പുറത്തുവിട്ടു. ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷൻ ഔദ്യോഗിക ഗസറ്‍റിലൂടെയാണ് കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് ,വിവിധരാജ്യങ്ങളിലുള്ള 40 ഓളം വ്യക്തികളുടെ പേരുകൾ പുറത്ത് വിട്ടത്. പട്ടികയില്‍ ഇന്റ്ന്യക്കാരായ രണ്ട് വനിതകള്‍ ഉള്ളതായി റിപ്പോര്‍ട്ടുണ്ട്.

സ്നേഹലത, സ്വാഹ്നി എന്നീ പേരുകളാണ്  പട്ടികയിലുള്ളത്. കൂടുതൽ വിവരങ്ങൾ പുറത്ത് വിടുന്നതിന് താൽപര്യമില്ലങ്കിൽ 30 ദിവസത്തിനുള്ളിൽ ഫെഡറൽ അഡ്മിനിസ്ട്‍രേറ്‍റീവ് കോടതിയിൽ അപ്പീൽ സമർപ്പിക്കണമെന്ന് ഇവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  മുൻ വിദേശകാര്യ സഹമന്ത്രി പ്രണീത് കൗർ, മുൻ എം.പി അനു ടണ്ഡൺ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെയുടെ ഭാര്യ നീലം, മകൻ നീലേഷ്, ബാൽ താക്കറെയുടെ മരുമകൾ സ്മിത എന്നിവരും അന്തരിച്ച മുൻ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന വസന്ത് സാഠേയുടെ കുടുംബാംഗങ്ങളിൽ ചിലരും സ്വിസ് ബാങ്ക് നേരത്തെ പുറത്ത് വിട്ട പട്ടികയിൽ ഉൾപ്പെട്ടിരുന്നു .

ഇന്ത്യാ ഗവണ്മെന്റ് സ്വിസ് സര്‍ക്കാരിനു മേല്‍ നടത്തിയ സമ്മര്‍ദ്ദം നടത്തുന്നതിനിടെയാണ് പട്ടികയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതെന്നാണ് വിവരം. ബ്രിട്ടൺ, സ്പെയിൻ, റഷ്യ എന്നീരാജ്യക്കാരുടേതടക്കം 40 പേരുകളാണ് ഔദ്യോഗിക ഗസറ്‍റിലൂടെ പുറത്ത് വിട്ടത്. വരുംദിവസങ്ങളിൽ കൂടുതൽ പേരുകൾ പുറത്ത് വിടുമെന്നാണ് പ്രതീക്ഷ.