ഭൂമിയിലെ ഓര്‍ശ്ശോ ജീവകോശങ്ങളുടെയും ഊര്‍ജദാതാവാണ് സൂര്യന്‍. സൂര്യന്റെ താപവ്യതിയാനങ്ങളെ അനുസരിച്ചാണ് ഭൂമിയില്‍ കാലവും, ജീവിതവും മാറിമറിയുന്നത്. അതിനാല്‍ തന്നെ സൂര്യനുണ്ടാകുന്ന താപത്തിലെ ഏറ്റക്കുറച്ചിലുകള്‍ സൌരയുഥത്തിന്റെ ഘടനയേതന്നെ മാറ്റിമറിയ്ക്കും. ഇതില്‍ ഏറ്റവുമധികം ബാധിക്കുന്നത് ഭൂമിയേയാണ്. കാരണം നമ്മുടെ അറിവില്‍ പ്രപഞ്ചത്തില്‍ ജീവനുള്ളത് ഭൂമിയില്‍ മാത്രമാണ് എന്നത് തന്നെ. നിലവില്‍ ഇപ്പോള്‍ സൂര്യന്റെ താപത്തില്‍ വന്‍ വര്‍ധനവുണ്ടാകുന്ന അവസ്ഥ സംജാതമായിരിക്കുകയാണ് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
നമ്മുടെ ഗ്യാലക്‌സിയുടെ മധ്യത്തില്‍ നിന്നും അജ്ഞാതമായ ഒരു വസ്തുവിനെ സൂര്യന്‍ ഉള്ളിലേക്ക് വലിച്ചെടുത്തിട്ടുണ്ടെന്നും ഇതുമൂലം സൂര്യന്റെ ഉപരിതലത്തിലെ താപനില അതിഭയങ്കരമായി വര്‍ധിക്കുമെന്നും ഇത് ഭൂമിയില്‍ അനുഭവപ്പെടുന്ന താപനിലയില്‍ വര്‍ധനവുണ്ടാകാനും ജലക്ഷാമം ഉഅണ്ടാകാനും കാരണമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ഭയപ്പെടുന്നത്. ദര്‍ഹാം യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാരാണ് ഈ പുതിയ സിദ്ധാന്തം മുന്നോട്ട് വച്ചിരിക്കുന്നത്. ഗ്യാലക്‌സിയില്‍ നിന്നെവിടെ നിന്നെങ്കിലും സൂര്യനിലെത്തപ്പെട്ട കറുത്ത വസ്തു സൂര്യന്റെ പ്രവര്‍ത്തനങ്ങളിലും ഘടനയിലും മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് പുതിയ സിദ്ധാന്തം സമര്‍ത്ഥിക്കുന്നത്. ഗുരുത്വാകര്‍ഷണം മൂലം പ്രസ്തുത വസ്തു സൂര്യനുള്ളില്‍ പെട്ടിരിക്കുകയാണെന്നും പ്രസ്തുത സിദ്ധാന്തം വാദിക്കുന്നു.
ഇത് സൂര്യനുള്ളിലെ ഊര്‍ജ്ജത്തെ ആഗീരണം ചെയ്ത് സ്വയം വലുതാകുന്നെന്നും ശേഷം ഈ ഊര്‍ജത്തെ സൂര്യന്റെ മറ്റുഭാഗങ്ങളിലേക്ക് നിക്ഷേപിക്കുന്നതായും സിദ്ധാന്തം പറയുന്നു. ഈ വസ്തുവിന്റെ പ്രവര്‍ത്തനം മൂലം സൂര്യന്റെ കേന്ദ്രഭാഗത്തെ താപം കുറയ്ക്കുകയും താപം എവിടെക്കും ചലിക്കാന്‍ വഴിയൊരുക്കുകയും ചെയ്യുന്നതായും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതേ പ്രക്രിയ സൂര്യന്റെ അന്തര്‍ഭാഗത്ത് ന്യൂക്ലിയര്‍ ഫ്യൂഷന്റെ നിരക്ക് കുറയ്ക്കാനും കാരണമാകുന്നു. അതിനാല്‍ കേന്ദ്രഭാഗത്തുള്ള ഈ അസമത്വം മറികടക്കാന്‍ ഉപരിതലത്തില്‍ നിന്ന് കൂടുതല്‍ ഹൈഡ്രജന്‍ ഈ ഭാഗത്തേക്ക് മാറും. ഇത് ഉപരിതലത്തേക്ക് കൂടുതല്‍ താപം എത്താന്‍ കാരണമാകുന്നതായും സിദ്ദാന്തം സമര്‍ഥിക്കുന്നു.
സൂര്യന്റെ അന്തര്‍ഘടനയിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ എവിടെയുമുള്ള ഗുരുത്വാകര്‍ഷണവും സമ്മര്‍ദവും തമ്മിലുള്ള തുലനാവസ്ഥയില്‍ മാറ്റം വരുത്താനിടയാക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. സൂര്യന്റെ അന്തര്‍ഭാഗത്ത് 15 ദശലക്ഷം കെല്‍വിന്‍ ഊഷ്മാവും ഉപരിതലത്തില്‍ 6000 കെല്‍വിന്‍ ഊഷ്മാവുമുണ്ടെന്നാണ് കണക്ക് കൂട്ടിയിരിക്കുന്നത്. ഉപരിതലത്തിലെ താപനില വര്‍ധിക്കുന്നത് ഭൂമിയില്‍ താപനില വര്‍ധിക്കാന്‍ കാരണമാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.