മുഖം മറച്ചില്ല; യുവതിയെ വെടിവച്ചു കൊന്നു!

Webdunia
വ്യാഴം, 31 ജൂലൈ 2014 (12:54 IST)
മുഖം മറയ്ക്കാതെ നിന്നതിന് യുവതിയെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു. സോമാലിയയിലെ ഹോസിന്‍ഗോവിലാണ്‌ സംഭവം. സൊമാലിയയിലെ തെക്ക്‌, മദ്ധ്യ ഭാഗങ്ങള്‍ അധികാര പരിധിയിലാക്കിയിരിക്കുന്ന അല്‍ ഷബാബ്‌ തീവ്രവാദികളാണ് നിഷ്ടൂരമായി യുവതിയെ വെടിവച്ചു കൊന്നത്.

അല്‍ ശബാബിന്റെ ആയുധധാരികളായ സംഘം ഗ്രാമത്തിലൂടെ പോകുമ്പോള്‍ തന്റെ കുടിലിന്‌ പുറത്ത്‌ നില്‍ക്കുകയായിരുന്ന യുവതിയോട്‌ മുഖാവരണം ഇടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഘം തിരികെ വരുമ്പോഴും നിര്‍ദേശം അനുസരിക്കാതെ സ്‌ത്രീ പഴയപടി നില്‍ക്കുന്നതായി കണ്ടെത്തുകയും ഉടന്‍ തന്നെ സംഘം സ്‌ത്രീയെ വെടിവെച്ചു കൊല്ലുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.

എന്നാല്‍ സംഭവം നടക്കുന്ന സ്ഥലം തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള സ്ഥലമായിരുന്നില്ല. സൊമാലിയയുടെ പുരുഷന്മാരുടെയും സ്‌ത്രീകളുടെയും വസ്‌ത്രം ഉള്‍പ്പെടെ കര്‍ശന ചട്ടമാണ്‌ അല്‍ ശബാബ് തീവ്രവാദികള്‍ തങ്ങളുടെ സ്വാധീന മേഖലകളില്‍ നടപ്പിലാക്കുന്നത്.  തങ്ങളുടെ നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായി കെനിയയിലും ഇവര്‍ ആക്രമണങ്ങള്‍ നടത്താറുണ്ട്. സംഘടനയെ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്.