ചെറുവിമാനം വാഹനത്തിലേക്ക് ഇടിച്ചുകയറി; അഞ്ച് മരണം

Webdunia
വ്യാഴം, 21 ജനുവരി 2016 (10:49 IST)
ബ്രസീലില്‍ ചെറുവിമാനം വാഹനത്തിലേക്ക് ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നു പേരുടെ നില ഗുരുതരമാണ്. കൃഷി ഇടങ്ങളില്‍ മരുന്നു തളിക്കാനെത്തിയ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ബ്രസീലിലെ പരാനയിലെ ലോന്‍ട്രിനയിലാണ് സംഭവം. കൃഷി ഇടങ്ങളില്‍ മരുന്നു തളിക്കാനെത്തിയ ചെറുവിമാനം പറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഗതി മാറി സഞ്ചരിക്കുകയായിരുന്നു. പൈലറ്റ് വിമാനം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിന് മുകളിലൂടെ പറന്ന വിമാനം ഉടന്‍ തന്നെ താഴുകയും നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന വാഹനത്തിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.

അപകടം ഉണ്ടായ ഉടന്‍ തന്നെ സമീപവാസികളും പൊലീസും സംഭവസ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ശക്തമായ ഇടിയില്‍ ബസും വിമാനവും തകര്‍ന്നു. ബസില്‍ ചെറിയതോതിലുള്ള തീ പടര്‍ന്നതോടെ അഗ്നിശമനസേന സ്ഥലത്തെത്തി.