ബാഗില്‍ ബോംബ് ഉണ്ടെന്ന് തമാശ; സിഖുബാലന്‍ മൂന്നുദിവസം അമേരിക്കയില്‍ തടവറയില്‍

Webdunia
വെള്ളി, 18 ഡിസം‌ബര്‍ 2015 (12:41 IST)
തന്റെ ബാഗില്‍ ബോംബ് ഉണ്ടെന്ന് തമാശയായി പറഞ്ഞ പന്ത്രണ്ടു വയസുകാരനായ സിഖ്  ബാലന്‍ അമേരിക്കയില്‍ മൂന്നുദിവസം പൊലീസ് കസ്റ്റഡിയില്‍. സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിയുടെ ബന്ധു ഫേസ്‌ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്.
 
അര്‍മാന്‍ സിംഗ് സറയിക്കാണ് ഈ ബോംബ് തമാശ പൊട്ടിച്ചതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത്. ക്ലാസിലെ സഹപാഠിയുടെ അടുത്ത് തമാശയായി പറഞ്ഞത്, സഹപാഠി പ്രിന്‍സിപ്പളിനെ അറിയിക്കുകയും പ്രിന്‍സിപ്പള്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
 
ഇക്കാര്യത്തെക്കുറിച്ച്, കുട്ടിയോടോ കുട്ടിയുടെ മാതാപിതാക്കളോടോ യാതൊരു വിശദീകരണവും തേടാതെ ആയിരുന്നു പ്രിന്‍സിപ്പള്‍ പൊലീസില്‍ വിവരം അറിയിച്ചത്.
 
പൊലീസ് കസ്റ്റഡിയില്‍ മൂന്നുദിവസത്തെ തടവിനു ശേഷം ഡിസംബര്‍ 15, തിങ്കളാഴ്ചയാണ് വിദ്യാര്‍ത്ഥിയെ പുറത്തിറക്കിയത്. സ്കൂള്‍ വിട്ട് ബാലന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനുകളില്‍ അന്വേഷിച്ച്, അവസാനം ജുവനൈല്‍ സെന്ററിലാണ് കുട്ടിയെ കണ്ടെത്തിയതെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.