യുഎസിലെ ടെക്‌സാസില്‍ മൂന്നുവയസുകാരി ഷെറിന്‍ കൊല്ലപ്പെട്ട സംഭവത്തിൽ മലയാളിയായ സെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റം. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു വളർത്തമ്മ സിനിക്കെതിരേയും കേസുണ്ട്. സിനിക്ക് രണ്ടു വർഷം മുതൽ 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
വെസ്‌ലിക്കെതിരെ കുട്ടിയെ ഉപേക്ഷിച്ചതിനും തെളിവു നശിപ്പിച്ചതിനുമുള്ള കുറ്റവും ചാർത്തിയിട്ടുണ്ട്. ദമ്പതികളുടെ നാലുവയസ്സുള്ള മകൾ ഇപ്പോൾ ശിശു സംരക്ഷണ സേവനകേന്ദ്രത്തിലാണു കഴിയുന്നത്. കുട്ടിയുടെ സംരക്ഷണത്തെ കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. മാതാപിതാക്കളോടൊപ്പം കുട്ടിയെ വിടുമോയെന്ന കാര്യവും സംശയത്തിലാണ്.
'കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ’ തുടർന്നാണ് ഷെറിൻ മരിച്ചതെന്ന് നേരത്തേ മൃതദേഹ പരിശോധനാ റിപ്പോർട്ട് വന്നിരുന്നു. നിർബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിൻ മരിച്ചതെന്ന് വളര്‍ത്തച്ഛന്‍ വെസ്‌ലി മൊഴി നൽകിയിരുന്നു. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി പറഞ്ഞിരുന്നു. സംഭവമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 7 മുതല്‍ പൊലീസ് കസ്റ്റഡിയിലാണ് വെസ്ലി.
ഷെറിന്‍ മരിക്കുന്നതിന് തലേദിവസം വെസ്ലിയും വളര്‍ത്തമ്മ സിനിയും അവരുടെ സ്വന്തം മകളും ഷെറിനെക്കൂടാതെ പുറത്ത് പോയി ഭക്ഷണം കഴിച്ചെന്നും ഒരാള്‍ക്ക് വേണ്ട ഭക്ഷണം പാഴ്‌സല്‍ വാങ്ങിയെന്നും അറസ്റ്റവാറണ്ടില്‍ പൊലീസ് പറയുന്നു. ഒന്നരമണിക്കൂറോളം നേരം ഷെറിന്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്നും അതില്‍ വ്യക്തമാക്കുന്നു.