സൌദിയില്‍ ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയുടെ കൈ വെട്ടിമാറ്റി

Webdunia
വ്യാഴം, 8 ഒക്‌ടോബര്‍ 2015 (16:47 IST)
സൌദിയില്‍ വീട്ടുവേലക്കാരിയായി ജോലിക്കുപോയ ഇന്ത്യക്കാരിയുടെ കൈ വെട്ടിമാറ്റിയ നിലയില്‍. തമിഴ്‌നാട് നോര്‍ത്ത് ആര്‍ക്കാട് ജില്ലയിലെ കട്പാടിക്കടുത്ത് മൂങ്കിലേരി സ്വദേശിനിയായ കസ്തൂരി മുനിരത്‌ന(55)​ത്തേയാണ് കൈവെട്ടിമാറ്റപ്പെട്ട നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ജോലി ചെയ്തിരുന്ന വീട്ടിലെ ഉടമസ്ഥര്‍ തന്നെയാണ് ഇത് ചെയ്തതെന്നാണ് പ്രാഥമിക വിവരങ്ങള്‍.

കസ്തൂരിയുടെ വലതുകൈയാണ് വെട്ടിമാറ്റിയിരിക്കുന്നത്. തോളില്‍ നിന്ന്‍ വലതുകൈ നഷ്ടപ്പെട്ട നിലയിലും കാലിനും ശരീര ഭാഗങ്ങളിലും ഗുരുതരമായ പരുക്കേറ്റ നിലയിലും റിയാദിലെ കിങ്ഡം ആശുപത്രിയില്‍ ​പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍. സംഭവത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടിട്ടുണ്ട്. എംബസിയുടെ ഇടപെടലിനേ തുടര്‍ന്ന് ഹൈ അല്‍സഹാഫ പൊ​ലീസ് ഊര്‍ജിതമായ അന്വേഷണമാരംഭിച്ചതായും പിന്നീടു വിശദമായ അന്വേഷണം നടത്തുന്നതിനായി സൗദി ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് കൈമാറിയതായും ഒരു എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. രണ്ടു മാസം മുന്‍പു നാട്ടില്‍ നിന്നെത്തിയ കസ്തൂരിയെ ആദ്യം കൊണ്ടു പോയത് ദമാമിലുള്ള ഒരു സ്വദേശിയായിരുന്നു. പിന്നീടാണ് റിയാദിലെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഒരു വീട്ടില്‍ കൊണ്ടുവന്നാക്കിയത്. ഇവിടെ കൊടിയ പീഡനവും ജോലിഭാരവും മൂലം കസ്തൂരി ഏറെ പ്രയാസത്തിലായിരുന്നു. ഒരു ദിവസം വീടിനടുത്തായി പുറത്തു കണ്ട ഒരു തമിഴ്‌നാട് സ്വദേശിയോട് തന്റെ കഷ്ടപ്പാടുകള്‍ വിവരിക്കുന്നതു കണ്ട സൗദി വനിത പിടിച്ചു കൊണ്ടു പോയി മുറിയിലിട്ടു പൂട്ടി.

ഈ മുറിയില്‍ നിന്ന് പുറത്ത് കടക്കുന്നതിനായി ജനല്‍ വഴി തുണി കൂട്ടിക്കെട്ടി പുറത്തേക്കു ചാടാന്‍ ശ്രമിച്ച കസ്തൂരിയേ ആരോ ചാടിവീണ് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ചോര വാര്‍ന്നൊഴുകുന്ന നിലയില്‍ കസ്തൂരിയെ റെഡ് ക്രസന്റ് ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തോടെ അബോധാവസ്ഥയിലായ കസ്തൂരിയുടെ കൈ തുന്നിച്ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. രക്ത പ്രവാഹം ഗുരുതരമായി തുടര്‍ന്നതിനാല്‍ തല്‍ക്കാലം അടിയന്തര ശസ്ത്രക്രിയയി​ലൂടെ രക്തം വാര്‍ന്നൊഴുകുന്നത് തടയുക മാത്രമായിരുന്നു ഡോക്ടര്‍മാര്‍ക്ക് മുന്നിലുള്ള മാര്‍ഗം.

മാറാരോഗിയായ ഭര്‍ത്താവ് മുനിരത്‌നവും മൂന്നു പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെയും നിത്യചിലവിനുള്ള വഴികാണുന്നതിനായാണ് കസ്തൂരി പ്രായാധിക്യം കണിക്കിലെടുക്കാതെ സൗദി അറേബ്യയി​ലെത്തിയ​ത്. കൈയ്ക്കും കാലിനും ശസ്ത്രക്രിയ നടത്തിയ ശേഷം തന്നെ എങ്ങനെയെങ്കിലും നാട്ടിലയക്കണമെന്നാവശ്യപ്പെട്ട് കസ്തൂരി അധികൃതരോട് കരഞ്ഞ് ആവശ്യപ്പെട്ടതായാണ് വിവരം. ഇന്ത്യന്‍ സോഷ്യല്‍ ഫോറം തമിഴ്‌നാട് ഘടകം ഭാരവാഹി റാഷിദ് ഖാന്‍ ആണ് ഇപ്പോള്‍ അവര്‍ക്കു വേണ്ട സഹായങ്ങളുമായി കൂടെയുള്ളത്. ഇദ്ദേഹം അറിയിച്ചതനുസരിച്ച് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കസ്തൂരിയെ സന്ദര്‍ശിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.