സൌദിയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ല എന്നത് പരസ്യമായ രഹസ്യമാണ്. രാജാവും ഭരണകൂടവും അത് നിഷേധിക്കുന്നുണ്ട് എങ്കിലും ഇതെല്ലാം ലോകരാജ്യങ്ങള്‍ക്ക് മുഴുവനും അറിയാവുന്നതാണ്. എന്നാല്‍ അവിടുത്തെ അസ്വാതന്ത്ര്യത്തിന്റെ ഭീകത പുറത്താക്കിക്കൊണ്ട് ഭരണാധികാരി അബ്ദുള്ള രാജാവിന്റെ പെണ്‍മക്കളുടെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ സംസാര വിഷയമായിരിക്കുന്നു.
സ്ത്രീകള്‍ നേരിടുന്ന അസമത്വത്തിനും ചൂഷണത്തിനുമെതിരെ പ്രതികരിച്ചതിന് തടവിലാക്കപ്പെട്ടുവെന്ന് രാജാവിന്റെ മക്കളായ സഹര്‍ (42), ജവഹര്‍ (38) എന്നീ രാജകുമാരിമാരാണ് തടവറയിലെ ദുരനുസഭവങ്ങള്‍ സ്‌കൈപ്പിലൂടെ പുറത്തുവിട്ടത്. ജിദ്ദയിലെ കൊട്ടാരവളപ്പില്‍ തന്നെയുള്ള കൊട്ടാരത്തിലാണ് തങ്ങളെ 13 വര്‍ഷമായി തടവിലാക്കിയതെന്നും പലപ്പോഴും ഭക്ഷണമോ വെള്ളമോ നല്‍കാതെ പട്ടിണിക്കിടുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
രാജകുമാരിമാരുടെ അമ്മയായ അലനൂദ് അല്‍ ഫയാസ് അബ്ദുള്ള രാജാവില്‍ വിവാഹമോചനം നേടിയ ശേഷം ലണ്ടനിലേക്ക് കടന്നിരുന്നു. അബ്ദുള്ള രാജാവ് പെണ്‍മക്കളോട് മോശമായാണ് പെരുമാറിയിരുന്നതെന്ന് അല്‍ ഫയാസ് എഎഫ്പിയ്ക്ക് അടുത്ത കാലത്ത് നല്‍കിയ അഭിമുഖത്തിലും പറഞ്ഞിരുന്നു. ഭക്ഷണവും മരുന്നും വാങ്ങുന്നതിനായി കൊട്ടാരത്തിനു പുറത്തേക്കുള്ള അവരുടെ യാത്രപോലും തടഞ്ഞിരുന്നുവെന്നും അല്‍ ഫയാസ് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയൊടും ഇവര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. താനുള്‍പ്പെടെയുള്ള പെണ്‍മക്കള്‍ യൗവനത്തില്‍ വളരെയേറെ ലാളന അനുഭവിച്ചിരുന്നു. എന്നാല്‍ അസമത്വത്തിനെതിരെ പ്രതികരിച്ചതോടെ തങ്ങളുടെ ജീവിതം സാവധാനം തടവറയ്ക്കുള്ളിലേക്ക് ചുരുങ്ങുകയായിരുന്നുവെന്നും സഹര്‍ പറയുന്നു. തങ്ങളുടെ ചോദ്യത്തിന് രാജാവും ആണ്‍മക്കളും മറുപടി പറയേണ്ടതുണ്ട്. എന്തുകുറ്റമാണ് തങ്ങള്‍ ചെയ്തതെന്നും സഹര്‍ ചോദിക്കുന്നു