ഇസ്രയേല്‍ -ഇറാന്‍ സംഘര്‍ഷത്തില്‍ സൈനികമായി ഇടപെടരുത്; അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി റഷ്യ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 19 ജൂണ്‍ 2025 (17:45 IST)
ഇസ്രയേല്‍ -ഇറാന്‍ സംഘര്‍ഷത്തില്‍ സൈനികമായി ഇടപെടരുതെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി റഷ്യ. റഷ്യന്‍ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി സെര്‍ജി റ്യാബ്‌കോപാണ് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം ഇറാന്‍ ഇസ്രായേല്‍ യുദ്ധം ഏഴാം നാളിലേക്ക് കടന്നതോടെ പരിഹാരം കാണാനായി റഷ്യ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. 
 
റഷ്യന്‍ പ്രസിഡന്റ് വാദിമീര്‍ പുടിനാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ ഇറാന് സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശം ഉണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ഉപാധികളില്ലാതെ ഇസ്രയേലിന്റെ സുരക്ഷാ സംരക്ഷിക്കപ്പെടണമെന്നും പുടിന്‍ പറഞ്ഞു. അതേസമയം ഇറാനിലെ അറാക് ആണവനിലയം ഇസ്രയേല്‍ തകര്‍ത്തു. റേഡിയേഷന്‍ ഭീഷണി ഉയര്‍ന്നിട്ടില്ലെന്നും ആക്രമണത്തിന് മുമ്പ് തന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നും ഇറാനിയന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 
 
വ്യാഴാഴ്ച രാവിലെ തന്നെ ഈ കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രായേലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ മേഖലയില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തു. ഇസ്രയേലി നഗരങ്ങളില്‍ ഇറാന്റെ കനത്ത വ്യോമ ആക്രമണം തുടരുകയാണ്. ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലിലെ അമേരിക്കന്‍ എംബസി മൂന്നു ദിവസത്തേക്ക് അടച്ചിട്ടിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍