Israel Iran War: ആ ചിന്ത പോലും തെറ്റ്, ഇറാൻ അങ്ങനെ ചെയ്യില്ലെന്ന് കരുതുന്നു, മുന്നറിയിപ്പുമായി യു എസ്

അഭിറാം മനോഹർ

ഞായര്‍, 27 ഒക്‌ടോബര്‍ 2024 (12:07 IST)
ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാന് മുന്നറിയിപ്പ് നല്‍കി യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. ഇസ്രായേല്‍ ആക്രമണത്തിന് മറുപടി നല്‍കുകയെന്ന തെറ്റ് ഇറാന്‍ ചെയ്യില്ലെന്ന് കരുതുന്നുവെന്ന് ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.
 
ഇസ്രായേല്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനം നടത്തിയതായും ഇസ്രായേല്‍ നീക്കങ്ങളോട് പ്രതികരിക്കാന്‍ ഇറാന് അവകാശമുണ്ടെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി യുഎന്നിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ യു എന്‍ അടിയന്തിര യോഗം വിളിക്കണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇറാന്റെ സ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്നുകയറ്റങ്ങളെ ചെറുക്കുമെന്നും രാജ്യത്തിന്റെ ശത്രുക്കളെ പ്രതിരോധിക്കാന്‍ ഇറാന്‍ ഭയരഹിതമായി നിലയുറപ്പിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയാന്‍ പറഞ്ഞു.
 
ഒക്ടോബര്‍ ഒന്നിന് ഇസ്രായേലിന് മുകളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയാണ് ടെഹ്‌റാന്‍ അടക്കമുള്ള ഇറാനിലെ 3 പ്രവിശ്യകളിലെ സൈനികത്താവളങ്ങളില്‍ ഇന്നലെ ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയത്. 3 ഘട്ടങ്ങളിലായി 140 പോര്‍വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ഇറാന്റെ മിസൈല്‍ നിര്‍മാണകേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍