ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 224 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കസേമിയും 2 ഉപമേധാവിമാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 50 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാനിലെ 80 കേന്ദ്രങ്ങളില്‍ അക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് പറഞ്ഞു.
മധ്യ വടക്കന്‍ ഇസ്രായേലിലെ വിവിധ പ്രദേശങ്ങളില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ 5 യുക്രെയ്ന്‍ സ്വദേശികളുള്‍പ്പടെ 10 പേര്‍ കൊല്ലപ്പെട്ടു. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതോടെ ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ഇസ്രായേല്‍ തുറമുഖ നഗരമായ ഫൈഫയില്‍ ശക്തമായ ആക്രമണമാണ് ഇറാന്‍ നടത്തിയത്. ഫൈഫയില്‍ വന്‍ തീപ്പിടുത്തമുണ്ടായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.