പോളണ്ട് അതിര്‍ത്തിയില്‍ സ്ഥിതി ദുര്‍ഘടം; ഇന്ത്യന്‍ എംബസിയുടെ ഒരു സഹായവും ലഭിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍, തണുപ്പ് സഹിക്കാന്‍ സാധിക്കാതെ പലരും തലകറങ്ങി വീഴുന്നു
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടെ പോളണ്ട് അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ അടക്കം കുടുങ്ങി കിടക്കുന്നു. ഇന്ത്യന്‍ എംബസി നല്‍കിയ വാഗ്ദാനങ്ങളെല്ലാം ലംഘിക്കപ്പെട്ടെന്നും എന്ത് ചെയ്യണമെന്ന് അറിയാതെ പോളണ്ട് അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. മൈനസ് നാല് ഡിഗ്രിയാണ് തണുപ്പ്. പല വിദ്യാര്‍ഥികളും തല കറങ്ങി വീണു. ഭക്ഷണമോ വെള്ളമോ കിട്ടാനില്ല. പോളണ്ട് അതിര്‍ത്തിയില്‍ എത്തിയാല്‍ രക്ഷാദൗത്യത്തിനു എല്ലാ സഹായവും ചെയ്തു തരാമെന്ന് ഇന്ത്യന്‍ എംബസി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഒരുതരത്തിലുമുള്ള സഹായവും ലഭിച്ചിട്ടില്ല. എങ്ങനെയെങ്കിലും പോളണ്ട് അതിര്‍ത്തിയില്‍ നിന്ന് നാട്ടിലെത്തിയാല്‍ മതിയെന്നും കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.