മലേഷ്യന്‍ വിമാനം റഷ്യ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തെന്ന് അന്വേഷണസംഘം

Webdunia
ബുധന്‍, 12 ഓഗസ്റ്റ് 2015 (15:44 IST)
മിസൈല്‍ ഉപയോഗിച്ച് റഷ്യ മലേഷ്യന്‍ വിമാനം തകര്‍ക്കുകയായിരുന്നു എന്ന് അന്വേഷണസംഘം. കിഴക്കന്‍ യുക്രയ്‌നിനു മുകളിലൂടെ പറന്ന മലേഷ്യന്‍ വിമാനത്തെ റഷ്യന്‍ മിസൈല്‍ ഉപയോഗിച്ച് വെടിവെച്ചിടുകയായിരുന്നുവെന്ന് നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള അന്വേഷണസംഘമാണ് വ്യക്തമാക്കിയത്.എല്ലാ വിവരങ്ങളും അടങ്ങിയ അന്വേഷണറിപ്പോര്‍ട്ട് ഒക്‌ടോബറില്‍ സമര്‍പ്പിക്കും.
 
മിസൈലിന്റെ ഭാഗം തകര്‍ന്ന മലേഷ്യന്‍ വിമാനമായ എം എച്ച് 17 വിമാനത്തിന്റെ അവശിഷ്‌ടങ്ങളില്‍ നിന്ന് കണ്ടെടുത്തിരുന്നു. വിമാനത്തിന്റെ കോക്‌പിറ്റ് ഭാഗത്ത് ഉയര്‍ന്ന ഊര്‍ജമുള്ള വസ്തുക്കള്‍ പുറത്തു നിന്ന് വന്ന് ഇടിച്ചാണ് അപകടം ഉണ്ടാകാന്‍ കാരണമായതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
 
അതേസമയം ആരോപണങ്ങള്‍  റഷ്യ തള്ളി. ആക്രമണത്തിന് പിന്നില്‍ വിമത പോരാളികളാണെന്ന് റഷ്യ ആരോപിച്ചു. 2014 ജൂലൈയില്‍ ആയിരുന്നു മലേഷ്യന്‍ വിമാനം തകര്‍ന്ന് വീണ് അപകടം ഉണ്ടായത്. അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 298 പേരും കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 80 പേര്‍ കുട്ടികളും 15 പേര്‍ വിമാനത്തിലെ ജീവനക്കാരുമായിരുന്നു.