റഷ്യയുമായി അത്യാധുനിക വ്യോമ പ്രതിരോധ മിസൈല്‍ എസ് 300 വാങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി ഇറാന്‍. ഇറാന്‍ വിദേശകാര്യ സഹമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്‍ലഹ്യാനാണ് ഇക്കാര്യം അറിയിച്ചത്. മിസൈല്‍ കൈമാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും മിസൈലുകള്‍ ഉടന്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് റഷ്യ സ്ഥിരീകരണം നല്‍കിയിട്ടില്ല. മോസ്കോയില്‍ റഷ്യന്‍ വിദേശകാര്യ സഹമന്ത്രി മിഖായില്‍ ബോദനോവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു ഹുസൈന്‍ അമീര്‍ ഇക്കാര്യം പറഞ്ഞത്.
2007 ല്‍ തന്നെ ഇറാന് മിസൈലുകള്‍ കൈമാറാന്‍ ധാരണയായിരുന്നെങ്കിലും 2010 ല്‍ യു എന്‍ ഉപരോധത്തെതുടര്‍ന്ന് റഷ്യ പിന്മാറുകയായിരുന്നു. തുടര്‍ന്ന് മൂന്ന് വര്‍ഷത്തിന് ശേഷം ഇറാനുമായുള്ള ആയുധ കൈമാറ്റത്തിന് റഷ്യ നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം റഷ്യ ഇറാനുമായിയുള്ള ആയുധ കൈമാറ്റത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം റദ്ദാക്കിയിരുന്നു. ടെഹ്റാനിലെ സൈന്യത്തിന്റെ ആയുധശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇറാന്‍ റഷ്യയില്‍ നിന്ന് മിസൈലുകള്‍ വാങ്ങുന്നത്.