ബോട്ടില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കടലില്‍ കുടുങ്ങിയ റോഹിങ്ക്യ മുസ്ലിം അഭയാര്‍ഥികള്‍ക്ക് പുനരധിവാസത്തിനായി അമേരിക്ക പദ്ധതി തയാറാക്കുന്നു. ഇത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് അമേരിക്കന്‍ സര്‍ക്കര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മ്യാന്‍മറിലെ പീഡനവും ബംഗ്ലദേശിലെ പട്ടിണിയും മൂലം പലായനം ചെയ്ത ആയിരക്കണക്കിനാളുകളാണ് നടുക്കടലില്‍ കുടുങ്ങികിടക്കുന്നത്.
വംശീയ ന്യൂനപക്ഷമായ റോഹിങ്ക്യ മുസ്ലിമുകളെ അയല്‍രാജ്യങ്ങളില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത മനുഷ്യക്കടത്തുകാര്‍ കടലില്‍ ഉപേക്ഷിക്കുകയായിരുന്നു. അയല്‍രാജ്യങ്ങള്‍ കൂടി പുറന്തള്ളിയതോടെ ഇവര്‍ കടലില്‍ പട്ടിണികിടന്നു മരിക്കുന്ന അവസ്ഥയാണ്. പല ബോട്ടുകളിലും ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ല. മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്യുന്ന വനിതകളും കുട്ടികളും അടക്കമുള്ള രണ്ടായിരത്തോളം അഭയാര്‍ത്ഥികള്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ കടലില്‍ കുടുങ്ങിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.
റോഹിങ്ക്യന്‍ ന്യൂനപക്ഷങ്ങളെ മരിക്കാന്‍ വിടരുതെന്ന ആഗോള സമ്മര്‍ദം ഇന്തോനേഷ്യയും തായ്‌ലന്‍ഡും മലേഷ്യയുമെല്ലാം അവഗണിച്ചിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദത്തേ തുടര്‍ന്ന് താത്കാലിക അഭയം നല്‍കാന്‍ മലേഷ്യയും ഇന്തോനേഷ്യയും സമ്മതിച്ചെങ്കിലും നടുക്കടലില്‍ കുടുങ്ങിക്കിടക്കുന്ന അഭയാര്‍ഥികളുടെ ദുരിതങ്ങള്‍ക്ക് അറുതിയായില്ല.