പാകിസ്ഥാന്‍ നടിയും മോഡലുമായ ഖൻഡീൽ ബലോച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബലോച്ചിനയെ കൊലപ്പെടുത്തിയത് സഹോദരന്‍ വസിം അസീം അല്ലെന്നും കൃത്യം നടത്തിയത് അടുത്ത ബന്ധുവാണെന്നുമാണ് പുതിയ കണ്ടെത്തല്‍.
സഹോദരനാണ് ബലോച്ചിനയെ കൊന്നത് എന്നാണു കരുതപ്പെട്ടത്. എന്നാല്‍ കൊല നടത്തിയത് അടുത്ത ബന്ധുവാണെന്നാണ് നുണപരിശോധനയില്‍ തെളിഞ്ഞിരിക്കുന്നതെന്ന് പാക് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ബലോച്ചിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത് ബന്ധുവായ ഹഖ് നവാസാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷമാണ് കൊല നടത്തിയത്. കൊല നടത്തിയെന്ന് പറയപ്പെടുന്ന സഹോദരന്‍ ബലോച്ചിയുടെ കൈ കാലുകള്‍ കൂട്ടിപിടിക്കുക മാത്രമാണ് ചെയ്തതെന്നും ഹഖ് നവാസിന് ആവശ്യമായ സഹായങ്ങള്‍ ചെയ്‌തു നല്‍കിയെന്നും നുണ പരിശോധനയില്‍ വ്യക്തമായി എന്നാണ് പുറത്തു വരുന്ന വാര്‍ത്ത.
ജൂലായ് 15 നാണ് മുള്‍ട്ടാനില്‍ കഴുത്തുഞെരിച്ച് കൊലപ്പെട്ട നിലയില്‍ ബലോച്ചിന്റെ മൃതദേഹം കണ്ടെത്തിയത്.
ബലോചിന്റെ സഹോദരൻ വസിം അസീം നേരത്തേ അറസ്റ്റിലായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചുവെന്നു പൊലീസ് വെളിപ്പെടുത്തിയിരുന്നു. മയങ്ങാനുള്ള ഗുളിക കൊടുത്തശേഷം കഴുത്തു ഞെരിച്ചാണ് ബലോചിനെ താന്‍ കൊലപ്പെടുത്തിയതെന്ന് വസീം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയകളില്‍ ചേച്ചി നടത്തിയ പ്രസ്‌താവനകളും വിവാദ വിഡിയോകളും കുടുംബത്തിന്റെ മാനം കളഞ്ഞു. മോഡലിങ്ങിനിറങ്ങി കുടുംബത്തിനു നാണക്കേടുണ്ടാക്കിയ ചേച്ചിയെ ഇല്ലാതാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നുമാണ് വസീം പറയുന്നത്.