യുഎഇയിലെ പൊതുമാപ്പ്: നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ് ഡെസ്‌ക് നിലവില്‍ വന്നു

രേണുക വേണു
വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (12:45 IST)
UAE Amnesty

സെപ്റ്റംബര്‍ ഒന്നു മുതല്‍ രണ്ടുമാസകാലത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലയാളി പ്രവാസികള്‍ക്കായി നോര്‍ക്ക രൂപീകരിച്ച ഹെല്‍പ്പ്ഡസ്‌ക് നിലവില്‍ വന്നു. പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങള്‍ എത്തിക്കുക, അപേക്ഷ സമര്‍പ്പിക്കാനും രേഖകള്‍ തയ്യാറാക്കാനും സഹായിക്കുക, കൂടാതെ നാട്ടിലേക്ക് തിരിച്ചു വരാന്‍ താല്പര്യമുള്ളവര്‍ക്ക് യാത്രാസഹായം ഉള്‍പ്പെടെ പ്രവാസികളുടെ സഹായത്തോടെ നല്‍കുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുമായും നോര്‍ക്കയുമായും എകോപിപ്പിക്കുന്നതിനാണ് ഹെല്‍പ്ഡസ്‌ക് രൂപീകരിച്ചത്.
 
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട് സെക്യുരിറ്റിയാണ് സെപ്റ്റംബര്‍ 1 മുതല്‍ രണ്ട് മാസത്തേയ്ക്ക് താമസ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് പിഴയൊന്നും കൂടാതെ സ്വന്തം നാട്ടിലേയ്ക്ക് പോകാനുള്ള ഗ്രേസ് പിരിയഡ് പ്രഖ്യാപിച്ചത്.
 
നിയമലംഘകര്‍ക്ക് ഈ കാലയളവില്‍ സ്വന്തം താമസ രേഖകള്‍ നിയമപരമാക്കുകയോ പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചുപോകുകയോ ചെയ്യാം.

അനുബന്ധ വാര്‍ത്തകള്‍

Next Article