ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരങ്ങളില്‍ ഒന്നായിരിക്കും തങ്ങള്‍ അറബിക്കടലില്‍ കണ്ടെത്തിയത് എന്ന അവകാശവാദത്തോടെയാണ് പാക്കിസ്ഥാന്‍ ഇക്കാര്യം പുറത്തുവിട്ടത്. ഒരു സൗഹൃദ രാജ്യവുമായുള്ള സഹകരണത്തോടെ മൂന്ന് വര്‍ഷമായി നടത്തിവന്ന സര്‍വെയ്ക്ക് ഒടുവിലാണ് പ്രകൃതിവാതകവും പെട്രോളിയവും അടങ്ങിയ എണ്ണശേഖരം കണ്ടെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പഠനത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചു വരുന്നതേയുള്ളൂവെന്നും പ്രദേശത്ത് ഹൈഡ്രോ കാര്‍ബണ്‍ സാന്നിധ്യമുണ്ടോയെന്ന് പിന്നീട് മാത്രമേ മനസിലാകൂവെന്നും ഓയില്‍ ആന്‍ഡ് ഗ്യാസ് ഡെവലപ്‌മെന്റ് കമ്പനി പറയുന്നു.
പാക്കിസ്ഥാന്റെ സാമ്പത്തിക ഞെരുക്കങ്ങള്‍ക്ക് നേരിയ ആശ്വാസമാകും എണ്ണശേഖരത്തിന്റെ കണ്ടെത്തല്‍ എന്ന പ്രതീക്ഷയോടെയാണ് ലോകം ഈ വാര്‍ത്ത സ്വീകരിച്ചത്. 2023ലെ പാക്കിസ്ഥാന്റെ ഊര്‍ജ്ജ ഇറക്കുമതി 17.5 ബില്യന്‍ ഡോളറായിരുന്നു (ഏകദേശം 1,45,250 കോടി ഇന്ത്യന്‍ രൂപ). അടുത്ത ഏഴ് വര്‍ഷത്തിനിടയില്‍ ഇത് ഇരട്ടിയോളമാകുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ രാജ്യത്തിന് ആവശ്യമായ 29 ശതമാനം ഗ്യാസും 85 ശതമാനം പെട്രോളിയവും 20 ശതമാനം കല്‍ക്കരിയും 50 ശതമാനം എല്‍.പി.ജിയും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്.