'മേക്ക് ഇന്‍ ഇന്ത്യ'യില്‍ പങ്കാളിയാവാന്‍ രാഷ്ട്രപതിയുടെ ആഹ്വാനം

Webdunia
ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (18:17 IST)
ഇന്ത്യയുടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ പങ്കാളികളാവാന്‍  രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആഹ്വാനം. ഇന്ത്യയിലെ അടിസ്ഥാനസൌകര്യ വികസന മേഖലകളില്‍ നിക്ഷേപമിറക്കാന്‍ നോര്‍വേ കമ്പനികളെ പ്രണബ് ക്ഷണിച്ചു. ഹാരള്‍ഡ് അഞ്ചാമന്‍ രാജാവും രാജ്ഞി സോന്‍ജയും ചേര്‍ന്ന് റോയല്‍ പാലസില്‍ ഒരുക്കിയ വിരുന്നുസല്‍ക്കാരത്തിലാണ് രാഷ്ട്രപതി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്. നോര്‍വേ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയാണ് പ്രണബ് മുഖര്‍ജി. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ നോര്‍വേയും ഫിന്‍ലന്‍ഡുമാണ് രാഷ്ട്രപതി സന്ദര്‍ശിക്കുന്നത്.
 
റയില്‍വേ, റോഡ്, ഊര്‍ജം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ നേരിട്ട് വിദേശ നിക്ഷേപമിറക്കാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. ഇതിലൂടെ ഇന്ത്യയുടെ മേക്ക് ഇന്ത്യ പദ്ധതിയില്‍ പങ്കാളികളാവുക. പദ്ധതിയില്‍ അംഗമാകാനുള്ള നടപടികള്‍ പുതിയ സര്‍ക്കാര്‍ ലളിതമാക്കി വരികയാണ്. ഈ പദ്ധതിയുടെ ഭാഗമായി അതിലൂടെ ഇന്ത്യയുടെ വികസനകഥയില്‍ പങ്കാളികളാകാനും രാഷ്ട്രപതി ആവശ്യപ്പെട്ടു. 
 
ഇന്ത്യയും നോര്‍വേയും തമ്മിലുള്ള വ്യാപാരം വികസിപ്പിക്കണം. അതിനുള്ള സാധ്യതകള്‍ ഇരുരാജ്യങ്ങളും മനസ്സിലാക്കണം. ഉല്‍പ്പാദനമേഖല, സ്മാര്‍ട് സിറ്റികള്‍ തുടങ്ങിയ മേഖലകളില്‍ താല്‍പര്യമുള്ള വിദേശ നിക്ഷേപകരെ കണ്ടെത്തി അവരെ പ്രോല്‍സാഹിപ്പിക്കാനുള്ള ഒട്ടേറെ പദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. അത് ഉടന്‍ തന്നെ യാഥാര്‍ഥ്യമാകുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.