വന്മതിലിന്റെ നാട്ടുകാരെ മരണം വേട്ടയാടുകയാണ്; ചൈനയില്‍ നദിയും ചുവക്കുന്നു

Webdunia
ശനി, 16 ഏപ്രില്‍ 2016 (14:56 IST)
അതിവേഗത്തില്‍ വളരുന്ന കമ്മ്യൂണിസ്‌റ്റ് രാജ്യമായ ചൈനയില്‍ മലിനീകരണ തോത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.
വായുവും ജലവും ഇതിനകം മലിനപ്പെട്ടു കഴിഞ്ഞു. ഇരുമ്പ്‌ വ്യവസായശാലകള്‍ അടക്കമുള്ള വന്‍ ഫാക്‍ടറികള്‍ മാലിന്യം പുറത്തേക്ക് തള്ളുന്നതിനാല്‍ രാജ്യത്തെ 80 ശതമാനം ഭൂഗര്‍ഭജലവും കുടിക്കാന്‍ സുരക്ഷിതമല്ലാതായെന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

ചൈനയില്‍ ഇരുമ്പ്‌, സ്‌റ്റീല്‍ വ്യവസായങ്ങള്‍ക്ക്‌ പേരുകേട്ട ഹെബി പ്രവിശ്യയിലൂടെ നാലു കിലോമീറ്റര്‍ ഒഴുകുന്ന സാംഗ്‌ടിംഗ്‌ നദിയിലെ ജലത്തിനിപ്പോള്‍ ചുവപ്പ് നിറമാണ്. വ്യവസായശാലകളില്‍ നിന്ന് മാലിന്യങ്ങള്‍ അമിതമായി നദിയിലേക്ക് ഒഴുകിയെത്തുകയും ജലത്തിന്റെ ഒഴുക്ക് കുറയുകയും ജലത്തിന് കട്ടിയും കൊഴുപ്പും വര്‍ദ്ധിച്ച് ചുവപ്പ് നിറമാകുകയുമായിരുന്നു.

സോംഗ്‌ടിംഗ്‌ നദീ ലാംഗ്‌ഫാംഗ്‌, ബാസു നഗരങ്ങളിലൂടെ ഒഴുകി ടിയാന്‍ജിനിലാണ്‌ ചേരുന്നത്‌. പത്തു വര്‍ഷമായി നദിയില്‍ മാലിന്യം ഒഴുക്ക്‌ തുടരുന്നതിനാല്‍ ചുവപ്പ് നിറം വര്‍ദ്ധിച്ച് ജലം ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. മത്സ്യമടക്കമുള്ള ജല ജീവികള്‍ ഇതിനകം തന്നെ ചത്ത് പൊങ്ങുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ കുടിവെള്ളത്തിന് വലിയ ബുദ്ധിമുട്ടാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.

ഈ ആഴ്‌ച ആദ്യം ചൈനയിലെ ജല വിഭവ മന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ രാജ്യത്തെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ 2,103 കിണറുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തതാണെന്ന്‌ കണ്ടെത്തിയിരുന്നു. വ്യവസായ ശാലകളില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന മാലിന്യമാണ് എല്ലായിടത്തും പ്രശ്‌നമാകുന്നത്.