വിവാഹം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇരുപത്തി നാലുകാരനായ യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരന്റെ മൂക്ക് കത്തി ഉപയോഗിച്ച് മുറിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമം നടത്തിയ യുവാവിനെയും സഹായിയേയും പൊലീസ് അറസ്‌റ്റ് ചെയ്തു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പീതാമ്പുരയിലാണ് സംഭവം.
ഏപ്രില്‍ 15നായിരുന്നു വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏപ്രില്‍ എട്ടിന് മദ്യപിച്ച് പ്രതിശ്രുതവധുവിന്റെ വീട്ടിലെത്തിയ വരനായ രഘു ഭാവിവധുവിന്റെ അച്‌ഛനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇത് അറിഞ്ഞ രഘുവും സുഹൃത്തും മദ്യപിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും പെണ്‍കുട്ടിയെ കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇത് പെണ്‍കുട്ടിയുടെ സഹോദരന്‍ എതിര്‍ത്തപ്പോള്‍ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് അയാളുടെ മൂക്ക് മുറിച്ചു. ആക്രമണത്തില്‍ അയാള്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനും പരുക്കുപറ്റി.
സംഭവത്തെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തുകയും അക്രമികളെ പിടികൂടുകയുമായിരുന്നു. പിന്നീട് രഘുവിനെയും സുഹൃത്തിനെയും പൊലീസിന് കൈമാറി.