ദ്വന്ദ വ്യക്തിത്വം അഥവാ അപര വ്യക്തിത്വം, അഥവാ മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി മനുഷ്യനെ ബാധിക്കുന്ന ലഘു മനോരോഗങ്ങളാണ്. ഈ അവസ്ഥയിലെത്തുന്ന ഒരാള്‍ക്ക് കൃത്യമായി ചികിത്സ ലഭിച്ചില്ലെങ്കില്‍ അയാള്‍ മാനസികാമായി ആ വ്യക്തിത്വത്തൊട് താദാത്മ്യം പ്രാപിക്കുകയും പിന്നീട് അയാളായിത്തീരുകയും ചെയ്യും. ഇത് പിന്നീട് ചികിത്സിച്ച് മാറ്റാന്‍ വളരെ ബുദ്ധിമുട്ടാണ്.
ഇതേ പ്രമേയം വരുന്ന മണിച്ചിത്രത്താഴ് എന്ന സിനിമ മലയാളക്കരയിലും ഇന്ത്യ മുഴുവനും തീയേറ്ററുകള്‍ മുഴുവനും നിറഞ്ഞോടിയതാണ്. എന്നാല്‍ ലോകത്തെമ്പാടുമുള്ള മനോരോഗ ചികിത്സകര്‍ക്ക് അത്ഭുതവും കീറാമുട്ടിയുമായി തീര്‍ന്നിരിക്കുകയാണ് ജര്‍മ്മനിയിലെ ഒരു യുവതി.
മനശാസ്ത്ര വിദഗ്ദര്‍ക്ക് കൗതുകമായി പത്ത് വ്യക്തിത്വം പേറുന്ന യുവതി ഈ അവസ്ഥയിലെത്തിയതിനു കാരണം 'ഡിസ്അസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍' എന്ന രോഗാവസ്ഥയാണ്. കൗമാരക്കാരനായ ആണ്‍കുട്ടിയുടെ വ്യക്തിത്വം അടക്കം പത്ത് വ്യക്തിത്വങ്ങളാണ് യുവതിയെ നിയന്ത്രിക്കുന്നത്.
അപൂര്‍വമായ മനോവൈകല്യം പേറുന്ന ഈ യുവതിക്ക് ഇരുപതാം വയസില്‍ ഒരു അപകടത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടതാണ്. എന്നാല്‍ ഗവേഷകരെ ഞെട്ടിച്ചത് അത് മാത്രമല്ല, മറ്റ് വ്യക്തിത്വങ്ങളിലേക്ക് പെണ്‍കുട്ടിയുടെ മനസ് കൂടുമാറ്റം നടത്തുമ്പോള്‍ കാഴ്ച തിരിച്ചു കിട്ടുന്നതായി തെളിഞ്ഞതാണ് ആശയക്കുഴപ്പത്തിനു കാരണമായിരിക്കുന്നത്.
തന്റെ സ്വന്തം വ്യക്തിത്വം അടക്കം രണ്ട് വ്യക്തിത്വങ്ങളിലാണ് കാഴ്ച ശക്തി ഇല്ലാത്തത്. സെക്കന്‍ഡുകളുടെ ഇടവേളയില്‍ വ്യക്തിത്വം മാറുന്നതിനനുസരിച്ച് കാഴ്ച ശക്തി നഷ്ടപ്പെടുകയും തിരികെ ലഭിക്കുകയും ചെയ്യുന്ന പ്രതിഭാസം അക്ഷരാര്‍ത്ഥത്തില്‍ ഡോക്ടര്‍മാരെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
ഡോക്ടര്‍മാരെ ആകെ വട്ടം കറക്കിക്കൊണ്ടിരിക്കുന്ന ഈ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതും മാനസിക രോഗത്തിന്റെ ഭാഗമാകാനാണ് സാധ്യതയെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. പത്ത് വ്യക്തിത്വങ്ങളില്‍ എട്ടോളം വ്യക്തിത്വങ്ങളില്‍ യുവതിക്ക് കാഴ്ച ശക്തിയുണ്ട്. മനഃശാസ്ത്ര ഡോക്ടര്‍മാരുടെ ജേണലില്‍ യുവതിയുടെ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.