ഫിലിപ്പീൻസിലെ ദ്വീപിൽ മലേഷ്യൻ പതാക പതിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Webdunia
ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (14:40 IST)
ഫിലിപ്പീൻസിലെ ദ്വീപിൽ മലേഷ്യൻ പതാക പതിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. മലേഷ്യൻ പതാകയുള്ള ഒരു വിമാനം ഫിലിപ്പീൻസിലെ താവി–താവി പ്രവശ്യയിലെ ഒറ്റപ്പെട്ട ദ്വീപിലെ കാട്ടിൽ തകർന്നു കിടക്കുന്നുവെന്ന് ഫിലിപ്പീൻസ് പൊലീസാണ് അറിയിച്ചത്.കഴിഞ്ഞ വർഷം 239 യാത്രക്കാരുമായി കാണാതായ മലേഷ്യൻ വിമാനം എംഎച്ച് 370ന്റെ അവശിഷ്ടങ്ങൾ ആകാം ഇതെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ബന്ധുവിനോടൊപ്പം പക്ഷിനിരീക്ഷണത്തിന് പോയ നാൽപ്പത്താറുകാരനായ പ്രദേശവാസിയാണു വിമാന അവശിഷ്ടങ്ങൾ കണ്ടുവെന്ന് പൊലീസിൽ അറിയിച്ചതെന്ന് മലേഷ്യൻ പൊലീസ് പറയുന്നു. പൈലറ്റിന്റെ സീറ്റിൽ ഉൾപ്പെട്ടെ നിരവധി അസ്ഥികൂടങ്ങളും എല്ലുകളും കണ്ടെന്നാണ് പ്രദേശവാസി പറഞ്ഞതെന്നാണ് റിപ്പോർട്ട്. പ്രദേശവാസിയുടെ ബന്ധു തകർന്നു കിടന്ന വിമാനത്തിനുള്ളിൽ പ്രവേശിച്ചുവെന്നും അതിനുള്ളിൽ നിരവധി അസ്ഥികൂടങ്ങളും മലേഷ്യൻ പതാകയും കണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ അടുത്ത കാലത്തൊന്നും ഒരു വിമാനം ഈ മേഖലയിൽ തകർന്നു വീണിട്ടില്ലെന്നാണ് ഫിലിപ്പീൻസിലെ ഈ രംഗത്തെ സർക്കാർ വിദഗ്ധർ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ വിമാനാവശിഷ്ടം കണ്ടു എന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ തക്ക തെളിവുകളോ ചിത്രങ്ങളോ ഇല്ലെന്ന് മലേഷ്യന്‍ പൊലീസ് അധികൃതര്‍ പറയുന്നു. കഴിഞ്ഞ വർഷം മാർച്ച് എട്ടിനാണ് 239 യാത്രക്കാരുമായി ക്വാലാലംപൂരിൽ നിന്നും ബീജിങ്ങിലേക്കു പോയ വിമാനം കാണാതായത്. വിമാനം തകര്‍ന്ന് വീണ്ടതാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വിമാനാവശിഷ്ടങ്ങള്‍ ലഭിച്ചത് ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ നിന്നും ആഫ്രിക്കന്‍തീരത്തെ റീയൂണിയന്‍ ദ്വീപില്‍നിന്നുമാണ്.