സൈനിക ചെലവിലേക്കായി പാകിസ്ഥാന് വാഗ്ദാനം ചെയ്തിരുന്ന 2000 കോടി രൂപയുടെ സൈനികസഹായം യുഎസ് തടഞ്ഞു. ഭീകരരെ അമര്‍ച്ച ചെയ്യുന്നതിന് മതിയായ നടപടി സ്വീകരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി് സഹായം നല്‍കാനുള്ള അനുമതിപത്രത്തില്‍ ഒപ്പുവെക്കാന്‍ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ വിസമ്മതിച്ചു. പണം നല്‍കേണ്ടതില്ലെന്ന് പെന്റഗണ്‍ തീരുമാനിച്ചു. മൗലവി ജലാലുദ്ദീന്‍ ഹഖാനി നേതൃത്വം നല്‍കുന്ന സംഘത്തെ അമര്‍ച്ച ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് പ്രതിരോധ വകുപ്പിന്റെ കണ്ടെത്തല്‍.
അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക നടപടികള്‍ക്ക് സഹായമായി പാകിസ്ഥാന്‍ സൈന്യം വഹിക്കുന്ന ചെലവുകളുടെ തിരിച്ചടവായി 700 ദശലക്ഷം യുഎസ് ഡോളര്‍ നേരത്തേ പാകിസ്ഥാന് നല്‍കിയിരുന്നു. കൂടുതല്‍ തുക അനുവദിക്കേണ്ടതില്ലെന്നാണ് പ്രതിരോധവകുപ്പിന്റെ തീരുമാനം. വടക്ക് വസീറിസ്ഥാനിലും മറ്റ് ഗോത്രമേഖലകളിലും പാക് സൈന്യം നടത്തുന്ന നടപടികള്‍ തൃപ്തികരമാണെങ്കിലും പാകിസ്ഥാന്റെ ഇതരഭാഗങ്ങളില്‍ അഫ്ഗാന്‍ താലിബാനും ഹഖാനി സംഘവും ഇപ്പോഴും പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗണ്‍ വക്താവ് ആദം സ്റ്റംപ് പറഞ്ഞു.