പാകിസ്ഥാന് തിരിച്ചടി, ഇന്ത്യയ്ക്ക് ഒന്നരലക്ഷം പൌണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

തിങ്കള്‍, 23 മാര്‍ച്ച് 2015 (16:42 IST)
ഇന്ത്യ- പാക്ക് വിഭജനത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന സ്വത്ത് കേസില്‍ ഇന്ത്യയ്ക്ക് അനുകൂലമായി ലണ്ടണ്‍ കോടതിയുടെ ഉത്തരവ്. ഹൈദരാബാദ് നൈസാമിന്റെ ലണ്ടന്‍ അക്കൌണ്ടിലുള്ള മൂന്നരക്കോടി പൌണ്ടിന്റെ നിക്ഷേപം സംബന്ധിച്ചുള്ള കേസിലാണ് 1,50,000 പൌണ്ട് ഇന്ത്യയ്ക്ക് കോടതി ചെലവായി നല്‍കാന്‍ പാകിസ്ഥാനോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള 67 വര്‍ഷം പഴക്കമുള്ള സ്വത്ത് തര്‍ക്കമാണിത്.

ഹൈദരാബാദ് ഫണ്ട്സ് കേസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഹൈദരാബാദ് നൈസാമിന്റെ 10,07,940 പൌണ്ടും ഒന്‍പതു ഷില്ലിങ്ങും ഹൈദരാബാദിനെ ഇന്ത്യന്‍ യൂണീയനോട് ചേര്‍ത്തതിനു ശേഷം  പാക്ക് ഹൈക്കമ്മിഷണറുടെ അക്കൌണ്ടിലേക്ക് മാറ്റിയതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ഹൈദരാബാദ് നൈസാമിന്റെ യഥാര്‍ഥ അവകാശിക്കു പകരം അവകാശിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നെന്നു പറഞ്ഞ് ഒരു ഏജന്റാണ് പാക്ക് ഹൈക്കമ്മീഷണര്‍ ഹബീബ് ഇബ്രാഹിം റഹിംത്തുല്ലയുടെ വെസ്റ്റ്മിനിസ്റ്റര്‍ ബാങ്ക് (ഇപ്പോള്‍ നാറ്റ്വെസ്റ്റ് ബാങ്ക്) അക്കൌണ്ടിലേക്ക് മാറ്റിയത്.

തന്റെ അനുവാദമില്ലാതെയാണ് പണം മാറ്റിയതെന്നും തിരികെ തരണമെന്നും നൈസാം സെപ്റ്റംബര്‍ 27ന് ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ റഹ്മത്തുല്ലയുടെ അനുവാദമില്ലാതെ അക്കൌണ്ടിലെ പണം തിരികെ തരാനാവില്ല എന്ന നിലപാടിലായിരുന്നു ബാങ്ക് അധികൃതര്‍. ഈ കേസില്‍ പാക്കിസ്ഥാന്റെ വാദങ്ങള്‍ തള്ളിയ കോടതി ഈ കേസില്‍ പരമാധികാര രാജ്യത്തിനു ലഭിക്കേണ്ട സംരക്ഷണം എന്നത് ബാധകമാവില്ലെന്നും വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക