പാക് പഞ്ചാബ് പ്രവിശ്യ ആഭ്യന്തരമന്ത്രി ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

Webdunia
ഞായര്‍, 16 ഓഗസ്റ്റ് 2015 (14:38 IST)
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ ആഭ്യന്തരമന്ത്രി ഷുജ ഖാൻസാദ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഓഫീസിലുണ്ടായ സ്‌ഫോടനത്തിലാണ് മന്ത്രിയടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സ്ഫോടന സമയത്ത് മന്ത്രിയടക്കം 25 ഓളം പേർ ഓഫിസിലുണ്ടായിരുന്നത്. സ്ഫോടനത്തിൽ ഓഫിസ് സ്ഥിതി ചെയ്തിരുന്ന കെട്ടിടം തകർന്നു വീഴുകയും എല്ലാവരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നുണ്ടെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഭീകരവാദത്തിനെതിരെ ശക്തമായി നിലകൊണ്ടിരുന്ന ഖാൻസാദ 2014ലാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല ഏറ്റെടുത്തത്.