ഫ്ലാഗ് മീറ്റിംഗിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

Webdunia
വ്യാഴം, 28 ഓഗസ്റ്റ് 2014 (10:39 IST)
സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ചേര്‍ന്ന ഫ്‌ളാഗ് മീറ്റിംഗിന്റെ പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ഇരുരാജ്യങ്ങളിലെയും സൈനികര്‍ കൂടിക്കാഴ്ച നടത്തിയ അതേ സെക്ടറില്‍ തന്നെയാണ് പാകിസ്ഥാന്‍ വെടിവയ്പ് നടത്തിയത്. ബിഎസ്എഫിന്റെ മൂന്നു പോസ്റ്റുകള്‍ക്കു നേരെ ഇന്നലെ രാത്രി 11 മണിയോടെയാണ് വെടിവയ്പുണ്ടായത്. പുലര്‍ച്ചെ ആറു മണിവരെ സംഘര്‍ഷം നീണ്ടുനിന്നു.
 
ഇന്നലെ വൈകിട്ടാണ് ഫ്‌ളാഗ് മീറ്റിംഗ് നടന്നത്. ഇന്ത്യയുടെ ഭാഗത്തുനിന്നും പ്രകോപനമില്ലാതെ വെടിവയ്പ് നടക്കുന്നതായി പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. 2003ലെ വെടിനിര്‍ത്തല്‍ കരാറിന്റെ തുടര്‍ച്ചയായ ലംഘനമാണ് ഇന്ത്യ നടത്തുന്നതായി പാക് സൈന്യം ആരോപിച്ചു. മുതിര്‍ന്ന സൈനികരുള്‍പ്പെടുന്ന മീറ്റിംഗ് വീണ്ടും നടത്തണമെന്നും പാകിസ്ഥാന്‍ ഫ്‌ളാഗ് മീറ്റിംഗില്‍ ആവശ്യപ്പെട്ടിരുന്നു.
 
അതേസമയം, പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ആക്രമണം ഇന്ത്യയും ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരുപതില്‍ ഏറെ തവണ നിയന്ത്രണ രേഖയില്‍ വെടിവയ്പ് നടന്നതായി ഇന്ത്യയും വ്യക്തമാക്കി. 1971നു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അതിര്‍ത്തിയില്‍ നടക്കുന്നതെന്നും ബിഎസ്എഫ് മേധാവി ഡി കെ പതക് ചൂണ്ടിക്കാട്ടിയിരുന്നു.