ഉത്തരകൊറിയയുടെ ഉപപ്രധാനമന്ത്രി ചോ യോങ് ഗോനിനെ വഞ്ചനാക്കുറ്റം ചുമത്തി ഉത്തരകൊറിയയിലെ ഭരണകൂടം വധിച്ചു. ദക്ഷിണകൊറിയ സര്‍ക്കാരാണ് വാര്‍ത്ത പുറത്തുവിട്ടത്. രാഷ്‌ട്രത്തലവന്‍ കിം ജോങ് ഉന്നിന്റെ തീരുമാനങ്ങളോട് യോജിക്കാതിരുന്നതാണ് ഉപപ്രധാനമന്ത്രിയെ വധിക്കാന്‍ കാരണമായത്.
'യോന്‍ഹപ്' വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. ഡിസംബറിലാണ് ചോ യോങ്ങിനെ അവസാനമായി പൊതുചടങ്ങില്‍ കണ്ടതെന്നും കിം ജോങ് ഉന്നിന്റെ ഉത്തരവിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് കൊല നടന്നതെന്നും വാര്‍ത്ത ഏജന്‍സി വ്യക്തമാക്കുന്നു. എന്നാല്‍, ഉത്തരകൊറിയ ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
ഈ വര്‍ഷം ആദ്യനാലുമാസത്തിനിടെ കിം ജോങ് ഉന്‍ ഭരണകൂടം രാജ്യത്തെ 15 സുപ്രധാന ഉദ്യോഗസ്ഥരെയാണ് വിവിധ കുറ്റങ്ങള്‍ ചുമത്തി വധിച്ചത്. കിം ജോങ് അധികാരമേറ്റ ശേഷം കൊല്ലപ്പെടുന്ന ഉദ്യോഗസ്ഥര്‍ ഇതുവരെ 70 ആയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിരോധമന്ത്രി ജനറല്‍ ഹ്യോന്‍ യോങ് ചോളിനെ രണ്ടുമാസം മുമ്പ് രാജ്യദ്രോഹക്കുറ്റം ചുമത്തി വിമാനവേധതോക്കുപയോഗിച്ച് വെടിവെച്ചു കൊന്നിരുന്നു.