ആക്രമണത്തിൽ നഷ്‌ടങ്ങളോ, അത്യാഹിതങ്ങളോ ഇല്ല; ഇന്ത്യയുടെ വാദം തള്ളി പാക് മാധ്യമങ്ങള്‍

ചൊവ്വ, 26 ഫെബ്രുവരി 2019 (16:53 IST)
പാക് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിനു പിന്നാലെ പ്രതികരണവുമായി പാക് മാധ്യമങ്ങൾ രംഗത്ത്. 200ലേറെ പേർ കൊല്ലപ്പെട്ടെന്ന ഇന്ത്യയുടെ പ്രസ്താവന നിഷേധിക്കുന്ന തരത്തിലാണ് പാകിസ്ഥാനിലെ പ്രമുഖ പത്രമായ ദി ഡോൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനങ്ങൾ എത്തിയെങ്കിലും പേ ലോഡ് ഒഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിച്ച ശേഷം കടന്നു എന്നാണ് മേജർ ജനറൽ ആസിഫ് ഗഫൂറിനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തത്. 
 
അതിർത്തിയിലെ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ വിമാനങ്ങൾ പറന്നുവെങ്കിലും പാക് വ്യോമസേനയുടെ പൊടുന്നയുളള പ്രത്യാക്രമണത്തിൽ ഒന്നും ചെയ്യാനാകാതെ മടങ്ങി എന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. ഒരു മരണം പോലും ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പാകിസ്ഥാൻ സൈന്യത്തലവൻ ജനറൽ ഖമർ ജവേദ് ബാജവായും, വ്യോമസേനാ മാർഷൽ മുജാഹിദ് അൻവർ ഖാനും തമ്മിൽ നടന്ന ചർച്ചയെക്കുറിച്ച് മാത്രമാണ് ഡെയിലി ടൈംസ് വാർത്ത കൊടുത്തത്. 
 
അതിർത്തി ലംഘിച്ചുളള ആക്രമണത്തിനു പിന്നാലെ പാക് വിദേശകാര്യ മന്ത്രി ഷാ മഫ്മൂദിന്റെ നേതൃത്വത്തിൽ സുരക്ഷാ സാഹചര്യങ്ങളെ വിലയിരുത്താൻ അടിയന്തര യോഗം ചേർന്നിരുന്നു. ഇതു തലക്കെട്ടാക്കിയാണ് ദി എക്‍സ്പ്രസ് ട്രൈബ്യൂണ്‍ വാർത്ത കൊടുത്തിക്കുന്നത്. 
 
പാകിസ്ഥാനിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. പാകിസ്ഥാനിലെ ബാലാകോട്ടിൽ ആക്രമണം നടത്തിയെന്നാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ രാവിലെ വ്യക്തമാക്കിയത്. ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പ് തകർത്തുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതൊക്കയും നിരാകരിക്കുന്ന തരത്തിലാണ് പാക് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍